11/27/2012

ആദ്യം എഴുതിയത് അവള്‍ക്കു വേണ്ടി ആണ് ... ഹൃദയത്തില്‍ നിന്നും നാല് വരി .. പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ച നാല് വരി പ്രണയ കവിത. അവള്‍ അത് വാങ്ങി വായിക്കവേ എന്റെ ഹൃദയം മിടിച്ചു വല്ലാതെ ..അവളുടെ മറുപടിക്ക് വേണ്ടി ...
" നന്നായിടുണ്ട് .. ഇനിയും എഴുതണം കേടോ. എന്തായാലും ഞാന്‍ ഇത് എടുക്കുവാ .. വീട്ടില്‍ എല്ലാരേം കാണിക്കാം .. അച്ഛനു കവിതയൊക്കെ വലിയ ഇഷ്ടാ ..."
മനസ്സില്‍ പൊട്ടാന്‍ നിന്നത
് ലഡ്ഡു എന്നാണ് ഞാന്‍ കരുതിയത്‌ പൊട്ടിയപ്പോള്‍ മനസിലായി അത് ചുമ്മാ എന്റെ മനസ്സ് നീറ്റിക്കാന്‍ ഒരു ഓലപ്പടക്കം ആയിരുന്നു എന്ന് ....
ചെയ്യാന്‍ പാടില്ലാത്തത് ചെയ്തപ്പോള്‍ ഒരു വിഷമം...വൈകിയില്ല ഒരു കടലാസില്‍ മാപ്പ് പറഞ്ഞു കൊണ്ട് അമ്മയ്ക്കും അച്ഛനും വേണ്ടി എഴുതി ..
" പഠിക്കുന്ന നേരത്ത് ഓരോന്ന് കുത്തി കുറിച്ചോണ്ട് ഇരിക്കും .. ഹും ..എന്തായാലും നന്നായി എഴുതിയിടുണ്ട്‌ .... പക്ഷെ ഇപ്പൊ ഈ എഴുത്തും കോപ്പും ഒന്നും വേണ്ട .. ഇരുന്നു പഠിക്കാന്‍ നോക്ക് ...."
ക്രിസ്മസ് നു ചേച്ചിക്ക് വേണ്ടി ഒരു കാര്‍ഡ്‌ അയച്ചു .. മനോഹരമായ രണ്ടു വരികള്‍ അതില്‍ എഴുതി ചേര്‍ക്കാന്‍ മറന്നില്ല ..
" ഡാ എനിക്ക് അത് ഒന്നും മനസിലായില്ല ..ഒരു മാതിരി സാഹിത്യം ......"
സങ്കടം സന്തോഷം ... അങ്ങിനെ ഒരുപാട് എഴുതി , ഏട്ടന്, കുറെ സംശയങ്ങളും ചോദ്യങ്ങളും ... മറുപടി ഇതായിരുന്നു
" നീ നല്ല ഒരു എഴുത്തുകാരന്‍ ആണ് ..."
അതോടെ നിര്‍ത്തി എന്ന് കരുതരുത് ..എഴുതി ....വീണ്ടും .. അയച്ചു കൊടുത്തു
അതിനു മാത്രം മറുപടി കിട്ടി
" പ്രസിദ്ധീകരണ യോഗ്യമാല്ലാത്തതിനാല്‍ ഇത് തിരിച്ചു അയക്കുന്നു ..."
പൊട്ടാന്‍ ഇനി ലഡ്ഡുവും ഓലപ്പടക്കവും ഇല്ലാത്തതു കാരണം ഞാന്‍ പേനക്ക് ക്യാപ് ഇട്ടു ..നിര്‍ത്തി .... ! ഇനി ഇല്ല ...:-)
"ഒരു ചാറ്റല്‍ മഴ വീണ പുലരി തേടി 
അണയാത്ത കുളിരിന്റെ കണിക തേടി 
ഇടയന്റെ പാട്ട് പോല്‍, ഒരു തെന്നലിന്‍ 
ഇടറാത്ത ശ്രുതി ചേര്‍ന്ന കുളിര് തേടി 
അണയുന്നു ഞാനുമെന്‍ പുലര്‍ സ്വപ്നവും 
...............
ഇരുള്‍ വീണ രാവുകള്‍ ഇതളൂര്‍ന്നു പോയ്‌ ..."
നിന്റെ പ്രണയത്തിന്റെ തുണ്ട് 
ഒരു നോട്ടത്തിലൂടെ 
എന്റെ മനസ്സിലേക്ക് ...
ഞാന്‍ കരുതി അത് മയില്‍‌പ്പീലിത്തുണ്ട് എന്ന്.

പുസ്തക താളുകള്‍ക്കിടയില്‍ 
പെരുകുന്ന
ഒരു മയില്‍ പീലിത്തുണ്ട് പോലെ
അതും പോകെ പോകെ പെരുകും എന്ന് ഞാന്‍ കരുതി ..

ദിവസങ്ങള്‍ , ആഴ്ചകള്‍ , മാസങ്ങള്‍ , വര്‍ഷങ്ങള്‍ ....
ഇനിയും പെരുകാത്ത ആ പ്രണയത്തിന്റെ പീലി
ഇടക്ക്ഇടയ്ക്ക് ഞാന്‍ ഇപ്പോഴും താലോലിക്കാറുണ്ട്...
പ്രണയം മരണമാണ് .. 
ജനനവും ആണ് 
എന്റെ മരണം 
നിന്റെ മരണം 
നമ്മുടെ ജനനം .....
കണ്ണിനു മുന്നിലേക്ക് വരുന്നതിനു മുന്‍പ് എന്റെ കാതിലേക് ആണ് അവള്‍ വന്നത് ഒരു കോഴിക്കോടന്‍ കൊഞ്ചലോടെ ..:-) വെറും ഒരു മിസ്സ്‌ കാള്‍ വഴി പരിചയപെട്ട ആ സൌഹൃദം ഏകദേശം രണ്ടു വര്‍ഷത്തോളം ഫോണ്‍ വിളി മാത്രം ആയി ഒതുങ്ങി നിന്നു. ഇടക് അവള്‍ ഒരു ഫോടോ അയച്ചു തന്നു ( ഫോടോ ഷോപ്പ് ഉള്ളത് കൊണ്ട് എന്റെ ഫോടോ അതിനു മുന്‍പേ ഞാന്‍ അയച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ ) അപ്പോള്‍ പറഞ്ഞു വന്നത് അവളുടെ ഫോട്ടോ. സീറോ സൈസ് എന്ന
 പേരില്‍ പുരുഷന്റെ കാഴ്ചാ ഭാഗ്യത്തിന് നേരെ കൊഞ്ഞനം കുത്തുന്ന ചില ഈര്‍ക്കില്‍ കൊലങ്ങള്ക് ഒരു അപവാദം ആയിരുന്നു അവള്‍ . പൂച്ച കണ്ണുള്ള , തട്ടം കൊണ്ട് മുടി മറച്ച ഒരു കൊച്ചു സുന്ദരി ..
പെട്ടെന്ന് ഒരു ദിവസം തിരുവനന്തപുരത്തേക്ക് അവള്‍ വരുന്നു എന്ന് പറഞ്ഞപോള്‍ എനിക്ക് സന്തോഷം തോന്നിയതിനു കാരണം , ഫോടോ അവളുടേത്‌ തന്നെ എന്ന് ഉറപ്പിക്കാമല്ലോ എന്നതിനാലാണ് ..
താമസ സ്ഥലത്തേക്ക് വരുത്താതെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കാണാം എന്ന് തീരുമാനിച്ചതും , കൂടെ രണ്ടു സുഹൃത്തുക്കളെ കൂടിയതും ആരാ , എന്താ എന്നൊക്കെ ഉള്ള പേടി കൊണ്ടാണ് എന്ന് നിങ്ങള്‍ വിചാരിക്കരുത് ... ചുമ്മാ അവന്മാരെ കൂടെ കൂട്ടി അത്രേ ഉള്ളൂ
സമയം 6.45 PM പരശുറാം വന്നു നിന്നു.. നല്ല തിരക്ക് .. പ്രധാന കവാടത്തില്‍ ഞങ്ങള്‍ മൂന്നു പേര്‍ . അവളെ കാത്തു നിന്നു .. എന്റെ കയ്യില്‍ അവള്‍ക് കൊടുക്കാന്‍ രണ്ടു കാട്ബരീസ് ( തുടക്കം മധുരം കഴിച്ചു കൊണ്ടാകട്ടെ) ...
അവള്‍ വന്നു ഫോട്ടോയില്‍ കണ്ടതിലും സുന്ദരി ..:-)
ആദ്യമായി കണ്ടതിന്റെ അപരിചിതത്വം തോന്നാത്തത് , ഫോണ്‍ വഴി ഒരുപാട് സംസാരിച്ചത് കൊണ്ടാകാം .. മിട്ടായി കൊടുത്തു ( മിട്ടായി കൊടുക്ക്‌ ആഘോഷിക്കൂ ..)
ഒട്ടും വൈകിയില്ല ..അവള്‍ എനിക്കും തന്നു .....ചേര്‍ന്ന് നിന്നു ഒരു ഉമ്മ
വിയര്‍ത്തു പോയി ഞാന്‍ .. ആ തിരക്കില്‍ ... ആരേലും കണ്ടാല്‍
അതെ സാധാരണ ഒരു ആണിന് ആരേലും കണ്ടാല്‍ ആണ് പ്രശ്നം .. ആരും ഇല്ലത്തപോള്‍ ആയിരുന്നേല്‍ ......അത് അവള്കും നന്നായിട്ട് അറിയാമായിരുന്നിരിക്കാം ..
ആണിന്റെ ഉള്ളില്‍ എപ്പോഴും ഉണ്ട് കള്ളത്തരം ..
നാളേക്കായി വിചാരപ്പെടരുത് എന്ന്
വേദപുസ്തകം 
നാളെക്കായി നീ എന്ത് കരുതി എന്ന്
വീടും വീട്ടാരും
നാടും നാട്ടാരും 
നാളുകളായി "നാളെ" കളെ കുറിച്ച് 
കേട്ടു, കേട്ടു കൊണ്ടിരിക്കുന്നു 
നാളെ അത് കേള്‍ക്കുമോ എന്ന് അറിയില്ല ..
വഴിയരികില്‍ നിന്ന് അവളോട്‌ "മന സമ്മതം "ചോദിച്ചു 
"നാളെ പറയാം എന്ന് അവളും പറഞ്ഞു ..
വേദ പുസ്തകം ഞാന്‍ മാറ്റി എഴുതി
"നാളേക്കായി വിചാരപ്പെടാന്‍ വേണ്ടി മാത്രം
നാളുകള്‍ കഴിഞ്ഞില്ല
നാളെയും ആയില്ല
ഞാന്‍ ഇന്നേ മരിച്ചു ..
വേദ പുസ്തകം വീണ്ടും ആരോ തിരുത്തി
നാളെക്കായി വിചാരപ്പെടരുത്
നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ .....
ആദര്‍ശ് ഏലിയാസിന്റെ ടൈം ലൈന്‍ . 
=============================

മാര്‍ച്ച്‌ മാസത്തിലെ അവസാനത്തെ ഞായറാഴ്ച ഉണര്‍ന്ന ഉടന്‍ ആദര്‍ശ് ഏലിയാസ് എന്ന ഞാന്‍ എന്‍റെ ഫേസ് ബുക്ക് തുറന്നു ലൈക്ക്കളും കമന്റുകളും, സുഹൃത്തുക്കളുടെ സ്റ്റാറ്റസ് അപ്ടെട്ടെസും നോക്കി. സാധാരണായി ഓര്‍മ തുണ്ടുകള്‍ സ്റ്റാറ്റസ് ആയി ഇടുന്ന എനിക്ക് അന്ന് അപ്ഡേറ്റ് ചെയ്യാന് ഒന്നും ഉണ്ടായിരുന്നില്ല .. അല്ലെങ്കിലും , അച്ഛന്റെയും അമ്മയുടെയും ഏക
 മകന്‍ ആയ എനിക്ക് "സഹോദര ദിനത്തില്‍ " എന്ത് ഓര്‍മത്തുണ്ട് ഉണ്ടാകാന്‍ ...
രണ്ടു ഫ്രണ്ട് റിക്വസ്റ്റ് ഉണ്ടായിരുന്നു അത് അക്സെപ്റ്റ് ചെയ്തു .കുറച്ചു സ്ടാടസുകള്ക്ക് കമന്റ് ചെയ്തു ..പെട്ടെന്ന് തന്നെ ലോഗ് ഔട്ട് ചെയ്തു എഴുന്നേറ്റു . ..
അര മണിക്കൂറിനകം പള്ളിയിലേക്കിറങ്ങി..കുര്‍ബ്ബാനകഴിഞ്ഞു വരുമ്പോള്‍ പതിവ് പോലെ പാതി വഴിയില്‍ വെച്ചു ആന്‍ മേരി യുടെ മുന്നില്‍ വണ്ടി നിര്‍ത്തി ..
" ടീ മേരി കുട്ടീ കേറിക്കോ ..നീ നടന്നു വിഷമിക്കണ്ട ..ഇചായനെ ചുറ്റി പിടിച്ചിരുന്നു അങ്ങ് പോകാം ..."
എല്ലാ ഞായറാഴ്ചയും മുടങ്ങാതെ കേള്‍ക്കുന്ന ചോദ്യം ആയതു കൊണ്ട് ചോദ്യം തീരുന്നതിനു മുന്നേ മറുപടി കിട്ടി ...
" നീ പോടാ പട്ടി...."
ഒട്ടും വൈകാതെ, ഒരു തെറ്റ് പോലും വരുത്താതെ , എല്ലാ ആഴ്ചയും പറയുന്ന മറുപടി ....
" നീ ആന്‍ മേരി അല്ലെടീ ...ആണ്‍ മേരിയാ ..അണ്ടി വെച്ച പെണ് ....."
വണ്ടി സ്റ്റാര്ട്ട് ചെയ്തു .. വീടിനു മുന്നിലെ കവലയില് "ലവന്മാര് " കൂടി നില്പ്പുണ്ടായിരുന്നു .. ഈ "ലവന്മാര് " എന്ന് പറയുമ്പോള്‍ ,സ്കൂളില് കൂടെ പഠിച്ച , വീടിന്റെ അടുത്തുള്ള കുറച്ചു പേര് . പത്തു കഴിഞ്ഞു നാട്ടില് ലോട്ട് ലൊടുക്കു പരിപാടിയുമായി കൂടി ഇരിക്കുന്ന "ലവന്മാര് " ഞായറാഴ്ച എവിടെയോകറങ്ങാന്‍ ഉള്ള പരിപാടി ആണ് ..
അവിടെയും രഥം അല്പ നേരം നിര്‍ത്തി ...
" ഡാ ആദര്‍ശേ , നീ വരുന്നോ ..? ചോദ്യം രതീഷിന്റെ വക .അല്ലേലും കൂട്ടത്തില്‍ നല്ലവന്‍ അവനെ ഉള്ളൂ
"എങ്ങോട്ടാ.?."
" ചുമ്മാ ഒരു കറക്കം... പിന്നെ മുല്ല പന്തല് ഷാപ്പില് ഒരു വിസിറ്റ് .."
" ഓ നിങ്ങള് വിട്ടോ ..ഞാനില്ല ..പഠിക്കാനുണ്ട് അളിയാ ..' അപ്പൊ ശരി .." ഞാന് വണ്ടി വീണ്ടും സ്റ്റാര്ട്ട് ചെയ്തു
പിന്നെ, ഇമ്മാതിരി അലംബുകള്‍ക്കൊപ്പം പോകാന്‍ ..അതും ഞാന്‍ ....
നേരെ വീട്ടിലേക്ക്.......വിശന്നിട്ടു വയ്യ
"സണ്ണി വന്നിടുണ്ട് ..നിന്നെ അന്വേഷിച്ചു വന്നതാ ..."
അപ്പത്തിനു മീതെ സ്റ്റൂ ഒഴിച്ച് കൊണ്ട് അമ്മ പറഞ്ഞു ..
"ഓ എന്താ പരിപാടി ?
"എന്തോ ഷോപ്പിംഗ് ആണ് എന്ന് തോന്നുന്നു ...രാവിലെ നിന്നേം കൂടി ഒബ്രോണ്‍ വരെ പോണം ന്നു പറഞ്ഞു വന്നതാ . നിന്റെ മുറിയില്‍ ഉണ്ട് .."
" ഛെ സണ്ണിച്ഛന്‍ എന്തിനാ എന്റെ റൂമില്....? അതും ഞാന്‍ ഇല്ലാത്തപ്പോ ..?
വേഗം എഴുനേറ്റു കൈ കഴുകി.
"അതിനു എന്താടാ നിന്റെചേട്ടന്‍ അല്ലെ ? അവന്‍ നിന്‍റെ റൂമില്‍ കയറുന്നതിനു എന്താ ..?
"ഓ ഒരു ചേട്ടന്‍ ...."
രാവിലെ തന്നെ ഓരോന്ന് ഇറങ്ങികോളും കുറ്റീം പറിച്ചു ..അച്ഛന്റെ ചേട്ടന്റെ മകന് ആണ് .ചേട്ടന്‍ ആണ് ..സമ്മതിച്ചു .എന്നും പറഞ്ഞു ഞാന്‍ ഇല്ലാത്തപ്പോ എന്റെ റൂമില്‍ കയറുന്നത് മര്യാദയാണോ?
കഷ്ടപ്പെട്ട് വരുത്തിയ ഒരു ചിരിയുമായി മുറിയിലേക്ക് ചെന്നു
"ആ നീ എത്തിയോ ? ഡാ നമ്മുക്ക് ഒന്ന് ഒബ്രോണ്‍ വരെ പോയാലോ ..? ഒരു ചെറിയ ഷോപ്പിംഗ് ..നിന്റെ സെലെക്ഷന്‍ സൂപ്പര്‍ ആണല്ലോ .. നീ കൂടെ വാ ,,"
"അയ്യോ ..അത് നടക്കില്ല അച്ചായാ . ഒരുപാട് പഠിക്കാന്‍ ഉണ്ട് "
" ഡാ നമുക്ക് പെട്ടെന്ന് തിരിച്ചു പോരാം .."
സണ്ണിച്ഛന്‍ വിടുന്ന ലക്ഷണം ഇല്ല
"ഓ ഞാന്‍ ഇല്ലസണ്ണിച്ഛ....ഒരുപാടു പഠിക്കാന്‍ ഉണ്ട് ... എത്ര പേപ്പര്‍ ആണെന്നോ എഴുതി എടുക്കാന്‍ ഉള്ളത് ..സപ്പ്ളി എഴുതി മടുക്കും .."
" അത് പിന്നെ പഠിക്കാന്‍ പോയാ പഠിക്കണം അല്ലാതെ പിന്നെ...." സണ്ണിച്ഛന്‍ പാതിയില്‍ നിര്‍ത്തി മുറിയില്‍ നിന്ന് ഇറങ്ങി...
ഓ പിന്നെ , ഇവന്റെയൊക്കെ പറച്ചില് കേട്ടാല്‍ തോന്നും പഠിച്ചു അങ്ങ് വലിയ പുള്ളി ആയി എന്ന് . ഞാന്‍ വാതില്‍ അടച്ചു. ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്തു
സഹോദര ദിന സന്ദേശങ്ങളും , ഇമേജ് കളും കൊണ്ട് നിറഞ്ഞ ഒരു ഫേസ് ബുക്ക് ദിനം . എത്ര ആലോചിച്ചിട്ടും നല്ല ഒരു സ്റ്റാറ്റസ് മെസ്സേജ് മനസിലേക്ക് വരുന്നില്ല . ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി .
" നിനക്ക് അവന്റെ കൂടെ ഒന്ന് ചെല്ലാമായിരുന്നില്ലേ ..?"
ഇതാണ് കുഴപ്പം . അമ്മക്ക് എന്നെ കണ്ടാല്‍ അപ്പൊ തുടങ്ങും . . അങ്ങിനെ പാടില്ലായിരുന്നോ , ഇങ്ങിനെ പാടില്ലയിരുണോ .. നൂറു ചോദ്യങ്ങള് ആണ് അമ്മയ്ക്ക് . അച്ഛന് പിന്നെ എന്നെ കാണുമ്പോഴേ പുച്ഛം ആണ് .സപ്പ്ളി എന്ന ഒരേ ഒരു കാരണം ആണ് ഈ പുച്ച്ചതിനു കാരണം എന്ന് എനിക്ക് അറിയാം .. ഉപദേശം .. ചോദ്യങ്ങള്‍ .. അല്ലെങ്കിലും മക്കളോടുള്ള ഈ സമീപനം തന്നെ മാറേണ്ടത് . ആണ് എന്ത് ചെയ്യണം എന്നും ചെയ്യരുത് എന്നും ഈ പ്രായത്തില് ഇവര് പറഞ്ഞിട് വേണോ മനസ്സിലാക്കാന്‍ .. പരീക്ഷ എഴുതിയാല് കുറച്ചു പേര് തോല്ക്കും , കുറച്ചു പേര് ജയിക്കും . തോല്ക്കുന്നത് അത്ര മോശം ഒന്നും അല്ല എന്ന് ഇവര് എന്നാണാവോ മനസിലാക്കുന്നത് ..ഇത് കൂടാതെ കുറെ ബന്ധുക്കളും ..എന്റമ്മോ ..മടുത്തു .നമ്മുടെ സമൂഹം തന്നെമാറേണ്ടിയിരിക്കുന്നു ... എന്ത് ചെയ്യാം എനിക്ക് ഒറ്റക് അതൊന്നും കഴിയില്ലല്ലോ . ഞാന്‍ വീണ്ടും മുറിയിലേക്ക് കയറി . മനസ്സില്‍ വന്ന സ്റ്റാറ്റസ് മെസ്സേജ് കൊണ്ട് ഫേസ് ബുക്ക് അപ്ഡേറ്റ് ചെയ്തു .
**************************
അച്ഛന്‍ , അമ്മ, സഹോദരങ്ങള് ,ബന്ധുക്കള് , സുഹൃത്തുക്കള് ... അവരുടെ സ്നേഹം , കരുതല് ഒരു മനുഷ്യനെ മനുഷ്യന് ആകുന്നതു ഇതൊക്കെ തന്നെ . എല്ലാ ദിവസവും നമ്മോടു ചേര്ന്ന് നില്ക്കുന്ന അവരെ ഓര്മ്മിക്കാന് ഒരു പ്രത്യേക ദിവസം വേണം എന്ന് എനിക്ക് തോന്നുന്നില്ല . എങ്കിലും അങ്ങിനെ ഒരു ദിവസം ആഘോഷിക്കപെടുമ്പോള് ഞാന് മാത്രം മാറി നില്ക്കുന്നില്ല എല്ലാ സുഹൃത്തുക്കള്കും എന്റെ ബ്രെതെഴ്സ് ഡേ ആശംസകള് "
*****************************
അപ്പോള്‍ താഴെ ഫോണ് റിംഗ് ചെയ്യുന്നത് കേട്ടു .
അല്പം കഴിഞ്ഞതും അമ്മ വിളിച്ചു
"ഡാ ആദര്‍ശേ , ദേ, വല്ല്യമ്മച്ചിക്ക് നിന്നോട് എന്തോ പറയാന്‍ ഉണ്ടെന്നു .."
ഞാന്‍ താഴേക് പോയില്ല ..ഫേസ് ബുക്ക് ടൈം ലൈനില് നിന്ന് കണ്ണെടുക്കാതെ വിളിച്ചു പറഞ്ഞു.
" അമ്മച്ചീ , ഞാന്‍ പഠിക്കുവാ , പിന്നെ വിളിച്ചോളാം എന്ന് പറ .."
അപ്പോഴേക്കും എന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് നു രണ്ടു ലൈക് കിട്ടി .. ഇനി വരാന്‍ പോകുന്ന ലൈക് കള്ക്കും കമന്റ്കള്ക്കും വേണ്ടി ഞാന്‍ കാത്തിരുന്നു , മുഖപുസ്തകത്തില് നിന്നും മുഖമുയര്ത്താതെ ....
ഇത് ഒരു നുണയാണ് . ഒരു നുണ കഥ .( ഈ നുണ പറയാന്‍ വേണ്ടി പേര് കടം എടുത്തതിനു എന്റെ പ്രിയ സുഹൃത്തുക്കള്‍ ആയ അനില്‍, രാമന്‍ , റിജാസ് , ജെറിന്‍ , സലിം .എന്നിവരോട് ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു ) 

"അത് പറ്റില്ല ..." അനില്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു . " ടൂര്‍ പോകുന്നെങ്കില്‍ അങ്ങോട്ട്‌ . അതെ ദിവസം.... അല്ലങ്കില്‍ നമ്മള്‍ പോകുന്നില്ല ".. എന്നത്തേയും പോലെ പറയാനുള്ളത് പറഞ്ഞതിന് ശേഷം അവന്‍ പെട്ടെന് തിര
ിഞ്ഞു നടന്നു . കഴിഞ്ഞു ..ഇനി അതില്‍ നിന്ന് ഒരു മാറ്റം ഇല്ല . അതിനു അവനു താല്പര്യം ഇല്ല
ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ആയ അവര്‍ ഏഴുപേര്‍ . അതായതു റിജാസ് , ജെറിന്‍ , അനില്‍ , കണ്ണന്‍ , രാമന്‍ , ജോസഫ്‌ , സലിം ; ഒരു ടൂര്‍ എന്ന് പ്ലാന്‍ ചെയ്തത് തന്നെ ,അവര്‍ പഠിക്കുന്ന കോളേജ് നു തൊട്ടടുത്ത ഉള്ള വിമന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ ടൂര്‍ പോകുന്നു എന്ന് അറിഞ്ഞത് കൊണ്ട് ആണ് . അവര്‍ പോകുന്ന ദിവസം ..അവര്‍ പോകുന്ന സ്ഥലം . അതിനിടയില്‍ വേറെ ഒരുദിവസം ആലോചിച്ചാലോ എന്ന സലിമിന്റെ ചോദ്യത്തിനുള്ള മറുപടി ആയിരുന്നു . അനില്‍ അപ്പോള്‍ പറഞ്ഞത് . അല്ലേലും അവന്‍ അത് എങ്ങിനെ സഹിക്കും . അവനു സ്വപ്‌നങ്ങള്‍ ഉണ്ട് ... അവന്റെ കാമുകി ആ കോളേജ് ഇല്‍ പഠിക്കുന്നത് കൊണ്ടും കോളേജ് ടൂര്‍ നു അവള്‍ ഉള്ളത് കൊണ്ടും അവനു സ്വപ്‌നങ്ങള്‍ ഉണ്ട് .. അവന്‍ പല വട്ടം പറഞ്ഞു കഴിഞ്ഞു .. ആ ദിവസം അതെ സ്ഥലം അത് കൊണ്ട് മാത്രം ആണ് അവന്‍ ഈ യാത്രക്ക് താല്പര്യം പ്രകടിപ്പിച്ചത് എന്ന് ..
"ശരി എന്നാല്‍ പിന്നെ അങ്ങിനെ ആകട്ടെ ..അതെ ദിവസം അതെ സ്ഥലം .." രാമന്‍ എല്ലാവവരോടുമായി പറഞ്ഞു
" പോകുന്നത് ഒക്കെ കൊള്ളാം..നാട്ടുകാരുടെ തല്ലു കൊള്ളാതെ . ഇത് പോലെ ഒക്കെ തന്നെ ഇങ്ങോട്ട് വരുമോ നീയൊക്കെ .?" - യാത്ര പോകുന്നു എന്ന് പറഞ്ഞപോള്‍ സ്നേഹ സമ്പന്നനായ മലയാളം സര്‍ ന്റെ ചോദ്യം . മറുപടി കൊടുത്തില്ല . സര്‍ പോയി കഴിഞ്ഞപ്പോള്‍ കൊഴിഞ്ഞു വീണ അതി മനോഹരമായ രണ്ടു മലയാളം പദത്തിനു പിതാവ് ജോസഫ്‌ ആയിരുന്നു .
" ഡാ പതുക്കെ .." രാമന്‍ പറഞ്ഞു
" ഓ പിന്നെ കേട്ടാല്‍ അയാള്‍ ഇപ്പൊ എന്നെ അങ്ങോടു ഒലത്തും ..!"
അല്ലേലും "ഒലത്താന്‍" നില്‍കുന്ന കുറെ ടീച്ചര്‍ നൊപ്പം ടൂര്‍ പോകുന്നതിലും നല്ലത് . കൂട്ടുകാര്‍ മാത്രം ആയിട് പോകുന്നത് ആയിരിക്കും . എന്തായാലും ഒരു വെള്ളിയാഴ്ച ദിവസം പുലര്‍ച്ചെ , അവര്‍ യാത്ര തിരിച്ചു . വിമന്‍സ് കോളേജ് സുന്ദരികള്‍ യാത്ര തിരിച്ച അതെ ദിവസം അതെ സമയം .
അവര്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ തന്നെ അവരും കഴിക്കാന്‍ കയറി .. സുന്ദരികള്‍ ഫോട്ടോസ് എടുത്ത ഇടങ്ങളില്‍ അവരുടെ ക്യാമറയും ചിത്രങ്ങള്‍ എടുത്തു. പക്ഷെ , സുന്ദരികളില്‍ ആരും അവരില്‍ ഒരാളെ പോലും മൈന്‍ഡ് ചെയ്തില്ല എന്നുല്ല്ല നഗ്ന സത്യം ഇടക് ഇടക് സലിം ഓര്‍മിപ്പിച്ചു (അത് അനിലിനോടുള്ള ഒരു പക പോക്കല്‍ അല്ലെ എന്ന് അവരില്‍ പലര്‍ക്കും തോന്നി എങ്കിലും ആരും ഉറക്കെ പറഞ്ഞില്ല ) ഇടക് എവിടെയോ വെച്ച് അവര്‍ സുന്ദരികളുടെ വണ്ടിയെ മറികടന്നു
അധ്യാപികമാരുടെ മുന്നില്‍ നല്ല പിള്ള ചമഞ്ഞു തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്ത കാമുകിയോട് ഉള്ള ദേഷ്യം അനില്‍ മറച്ചു വെച്ചില്ല ..
" അളിയാ എനിക്ക് ഇന്ന് രാത്രി ഒരു പെണ്ണിനെ വേണം .."
എതിര്‍ത്തവര്‍ ഉണ്ടായിരുന്നു എങ്കിലും , അനൂകൂല നിലപാട് എടുത്തവര്‍ തന്നെ ആയിരന്നു ഭൂരിപക്ഷം .. എങ്കിലും ആരും പിന്നെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല .. രാത്രി ..ചെറിയ തൂവല്‍ മഴ ..കൂടെ നല്ല മഞ്ഞും..
വഴിയരികില്‍ നിന്ന് ലിഫ്റ്റ്‌ ചോദിക്കുന്നത് രണ്ടു സ്ത്രീകള്‍ ആണ് എന്ന് ആദ്യം മനസിലായില്ല . ജെറിന്‍ വണ്ടി നിര്‍ത്തി .
സംസാരം ഇല്ല.. മുദ്രകള്‍ മാത്രം . ലിഫ്റ്റ്‌ വേണം . ഒരു സ്ത്രീക് ഒരു മുപ്പതു -മുപ്പത്തഞ്ചു വയസു പ്രായം വരും .. കാണാന്‍ തെറ്റില്ല ..മറ്റേ സ്ത്രീക് അല്പം പ്രായം ഉണ്ട് .
" കയറിക്കോ .." പറഞ്ഞത് അനില്‍ ആണ് - അവന്റെ മനസ്സില്‍ മാത്രം അല്ല ലഡ്ഡു പൊട്ടിയത് ..
സംശയം ഇല്ല രാത്രിയില്‍ , കുറച്ചു ആണ്‍കുട്ടികള്‍ മാത്രം ഉള്ള ഒരു വണ്ടിയില്‍ ധൈര്യ പൂര്‍വ്വം കയറിയ അവര്‍ " വില്പനക്കാര്‍ " തന്നെ ..
വഴി പറഞ്ഞതും അവര്‍ തന്നെ . അവരുടെ വീടിലെക് .. വണ്ടിയില്‍ ഉയര്‍ന്നു കേട്ടത് ഏഴു പേരുടെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം .
അവരുടെ വീട്ടില്‍ എത്തിയതും .. മഴക് ശക്തി കൂടി
" ഇന്ന് ഇനി ഈ രാത്രിയില്‍ യാത്ര വേണ്ട ഇവിടെ തങ്ങാം .. " മനസ്സില്‍ ഉണ്ടായ ചിന്തകള്‍ കോണ്ക്രീറ്റ് ഇടുന്ന വാക്കുകള്‍.
ധന്യ , അങ്ങിനെ ആണ് അവള്‍ പേര് പറഞ്ഞത് . പ്രായം ഉള്ള സ്ത്രീയുടെ പേര് ചോദിച്ചില്ല .
ധന്യ ഉണ്ടാക്കി തന്നെ ചൂട് ചായ കുടിച്ചു .
രണ്ടു മുറി തുറന്നു തന്നു .
" നിങ്ങള്‍ കിടന്നോളൂ. ഹസ് പുറത്തായത് കൊണ്ട് ഞാനും മാമിയും , അനിയന്റെ വീട്ടില്‍ ആണ് താമസം . ഇവിടെ അടുത്ത് തന്നെ ആണ് അനിയന്റെ വീട് "
ഒന്നും പറഞ്ഞില്ല .. പണി തീര്‍ന്നിട് അധികം ആകാത്ത , ഒട്ടും തന്നെ ഫര്‍ണിച്ചര്‍ ഇല്ലാത്ത ആ വീട്ടില്‍ ആരും ആരോടും ഒന്നും മിണ്ടാതെ കിടന്നു ഉറങ്ങാന്‍ ശ്രമിച്ചു .
പിറ്റേന്ന് കുളിയൊക്കെ കഴിഞ്ഞു ഇറങ്ങാന്‍ നേരം ധന്യ പറഞ്ഞു
" രാത്രി എന്റെ വീട്ടില്‍ നിന്നും തിരിച്ചു വരുന്ന വഴി മഴ പെയ്യാന്‍ പോകുന്ന കണ്ടിടാണ്‌ ലിഫ്റ്റ്‌ ചോദിച്ചത്.വണ്ടിയില്‍ ആരാണ് എന്ന് നോക്കിയത് കൂടിയില്ല . കൂടി വരുന്ന ഇരുട്ടും , പെയ്യാന്‍ പോകുന്ന മഴയും കണ്ടു പെട്ടെന്ന് വണ്ടിയിലേക്ക് കയറി . കയറി കഴിഞ്ഞപ്പോള്‍ ആണ് അതില്‍ ബോയ്സ് മാത്രമേ ഉള്ളൂ എന്ന് കണ്ടത് . പിന്നെ അതില്‍ n നിന്നും ഇറങ്ങാന്‍ നോക്കിയാല്‍ അവന്മാര്‍ കുഴപ്പക്കാര്‍ ആണ് എങ്കില്‍ പിന്നെ വണ്ടി നിര്‍ത്തില്ല . അത് കൊണ്ട് ഞങ്ങള്‍ കുഴപ്പക്കാര്‍ ആണ് എന്ന് കരുതിയാല്‍ പിന്നെ ഞങ്ങള്‍ പറയുന്നത് കേട്ടോളും എന്ന് തോന്നി "
ഏഴു പേരുടെ മുഖത്തും ഒരു ചെറു ചിരി വന്നു .. ഒരുമാതിരി ഒരു ചിരി
. കുളി ഒക്കെ കഴിഞ്ഞു ഇറങ്ങാന്‍ നേരം അവര്‍ ഒന്ന് കൂടി പറഞ്ഞു . അടുത്ത് തന്നെ ഒരു അപകടകരംമായ വളവു ഉണ്ട് .. ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ അപകടം ക്ഷണിച്ചു വരുത്തണ്ടാലോ എന്ന് കരുതി ആണ് രാത്രിയില്‍ അവിടെ താങ്ങാന്‍ പറഞ്ഞത് എന്ന് .
.......................................................................
സ്നേഹം എന്നുള്ളത് തികച്ചും ആപേക്ഷികമാണ് . ജീവിത സാഹചര്യങ്ങളാലും, ചിന്തകളാലും മാറ്റി മറിക്കപ്പെട്ടെക്കാവുന്ന ഒരു വികാരം . ഒരുപക്ഷെ , ഒരു ജീവിത കാലം മുഴുവന്‍ നമ്മിലേക് ഒരുപുഴ പോലെ ഒഴുകും എന്ന് കരുതുന്ന സ്നേഹം പോലും ഒരു നിമിഷം കൊണ്ട് വറ്റി വരണ്ടു പോയേക്കാം .. സ്നേഹം തികച്ചും ആപേക്ഷികമാണ് .. പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയാത്ത ഒന്ന് ...
ഇനിയൊന്നുറങ്ങട്ടെ ഇരുളിന്റെ മെത്തയില്‍ 
ഉണരുവാന്‍ കഴിയുമെന്നോര്‍ത്തു ഞാനും 
നാളെ ഞാന്‍ ഉണരുമ്പോള്‍ ചെയ്യുവാനാ -
യിട്ടൊരായിരം കാര്യങ്ങള്‍ നീ പറഞ്ഞു ...
ചെയ്യേണ്ടതോക്കെയും ഇന്നേ പറഞ്ഞു നീ 
പറയേണ്ടതൊക്കെയും നാളെയാക്കി...
ഉണരാതെ കഴിയില്ല ,ഉണരുമെന്നറിയില്ല ,
മരണമിന്നെങ്ങാനും വന്നു പോയാല്‍ ...
മെല്ലെ, പറയാതെ ഞാനും നടന്നു പോയാല്‍ ....
പറയാന്‍ കഴിയില്ല -തോര്‍ക്കണം , മരണമാ-
ണൊരു വാക്ക് മുന്നേ പറയുകില്ല ....
വിട ചൊല്ലി അകലാഞ്ഞതെന്തെന്നു ചോദിച്ചു
വെറുതെ കരഞ്ഞിടാമെന്നു മാത്രം ...
രണ്ടു നാള്‍ ചെല്ലുമ്പോള്‍ , പറയാതെ പോയൊരെന്‍
ഓര്‍മയെ നീയും വെറുത്തു പോകാം ...
എങ്കിലും .....
ഇനിയൊന്നുറങ്ങട്ടെ ഇരുളിന്റെ മെത്തയില്‍
ഉണരുവാന്‍ കഴിയുമെന്നോര്‍ത്തു ഞാനും
പഴയ രീതിയില്‍ പണിതീര്‍ത്ത അരമതിലും രണ്ടു പാളി കതകും ഒക്കെ ഉള്ള ഓടിട്ട ഒരു കൊച്ചു വീട് ...
ചുറ്റം വളര്‍ന്നു നില്‍കുന്ന മരങ്ങള്‍ ആകാശത്ത്ക്ക് വീശിയെറിഞ്ഞ ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന വെയില്‍ ... വൃശ്ചിക മഞ്ഞിന്റെ തണുപ്പ് വിട്ടു മാറാത്തത് കൊണ്ട് ആകണം ആ വെയില്‍ ചൂടിനും ഒരു നനുത്ത കുളിര് .. ദിവസങ്ങള്‍ ആയി അടിച്ചു തൂക്കാത്ത മുറ്റത്ത്‌ പടര്‍ന്നു തുടങ്ങിയ കറുക പുല്‍ നാമ്പുകള്‍ .. തൊട്ടടുത്ത പറമ്
പില്‍ നിന്നും പാറി വരുന്ന അപ്പൂപ്പന്‍ താടികള്‍ ...
ഏതൊക്കെയോ പേരറിയാത്ത പൂവുകളുടെ ഗന്ധത്തോടൊപ്പം , നല്ല നാടന്‍ മരച്ചീനി വേവിക്കുമ്പോള്‍ ഉള്ള ഗന്ധം
" എവിടെയോ ചേര ഓടുന്നുണ്ടാകും ..." അയാള്‍ പറഞ്ഞു
"ഉം.." ഞാന്‍ ഒന്ന് മൂളി .. പിന്നെ പതുക്കെ ആ വീടിട്നെ പൂമുഖത്തേക്ക്‌ കയറി .... അയാള്‍ തുറന്നു തന്ന മുന്‍ വാതിലിലൂടെ പതുക്കെ അകത്തേക്ക് കയറി .. ഒരു സ്വപ്നത്തിലേക്ക് പതുക്കെ കാല്‍ വെയ്ക്കുന്ന പോലെ .. ഓരോ മുറിയിലും കയറി.. അടച്ചിട്ട ജനല്‍ വാതിലുകള്‍ പതുക്കെ തുറന്നു ... കാലങ്ങളായി വാതില്‍കൊട്ടിയടച്ചു തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് കൊണ്ടാവണം . കാറ്റും ,വെളിച്ചവും ജന വാതില്കല്‍ വരെ വന്നെത്തി നോക്കിയിട്ട് , കയറാതെ തിരിച്ചു പോയി .. പഴകിയ ഒരു ഗന്ധം , മോക്ഷം കിട്ടാതെ അലയുന്ന ആത്മാവിനെ പോലെ അവിടെ എവിടെയോ ഒക്കെ തങ്ങി നിന്നു , പോകാന്‍ ഇടമില്ലാതെ ...

" ഓക്കേ ഇതുമതി . വാടകയും മറ്റും സംസാരിച്ചിട്ടു എന്നോട് പറയൂ ..." ഞാന്‍ അയാളോട് പറഞ്ഞിട്ട് ഇറങ്ങി ..

( സൌഹൃദങ്ങള്‍ ഉറങ്ങുന്ന വീട് ..)
വയലിനക്കരെ കാവില് 
തൊഴുതു വന്നൊരു സുന്ദരി 
വരമ്പിന്‍ ചെളിയില്‍ പുതഞ്ഞ കാലിലെ 
കൊല്ലുസ്സഴിഞ്ഞു പോയോ ......

ഇരുട്ടു മൂടുന്നു , ചിരിക്കെടീ 
നിന്റെ ചിരിച്ച മോറിന്റെ വെളിച്ചത്താല്‍ 
ഇരുട്ട് മാറിയാല്‍ കൊല്ലുസ്സു 
നോക്കാം ഞാന്‍ 
കരഞ്ഞിടെണ്ട കണ്ണേ ........

കവല ചുറ്റണ നേരത്ത്
നിന്റ പടിക്കല്‍ എത്തറ നാള് ഞാന്‍
കനവും കണ്ടങ്ങ്‌ കറങ്ങി എന്നത്
മരന്നിടെണ്ട പെണ്ണെ

കളഞ്ഞു പോയി നിന്‍ കൊല്ലുസ്സെടീ
കരളു പൊട്ടി നീ കരയല്ലേ
കനകം കൊണ്ടൊരു കൊല്ലുസ്സു ഞാന്‍ തരാം
കണവന്‍ ആയിടുമ്പോള്‍ - ഞാന്‍
നിന്റെ കണവന്‍ ആയിടുമ്പോള്‍ 
സാറ ജോസഫ്‌ - ആതി 
====================
ആദിയില്‍ രൂപപെട്ട ഒരു ഒരു ജനതയുടെ ജല ജീവിതം " ആതി" ഓരോ വാക്കുകളും , നമ്മുടെ മനസ്സില്‍ കുടഞ്ഞിടുന്നത് നാളെയെ കുറിച്ചുള്ള ആധി ... ഓര്‍മയില്‍ പണ്ടെങ്ങോ കണ്ടു മറന്ന തെളിനീര്‍ തടാകങ്ങള്‍ ... ആതി .. ഒരു ജനതയുടെ ജല ജീവിതം ... നാളേക്ക് ഒന്നും കരുതി വെക്കാതെ പ്രകൃതിയെ ഇന്നിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന ജനതയോട് " ആതി" ചോദിക്കുന്നു " അടങ്ങാത്ത വിശപ്പ് ഒടുക്കാന്‍ മക്കള
്‍ക്ക് ഉള്ളതും കൂടി വിളംബുമോ എന്ന്"? പ്രകൃതിയുടെ പൂജ മുറിയിലേക്ക് പുരോഹിതന്‍ വരുന്നത് സഞ്ചിയില്‍ നിറച്ച പല ദേവന്മാരോടൊപ്പം ... ഇഷ്ട രൂപ പ്രതിഷ്ഠ ... കുന്നു കൂടുന്ന സ്വര്‍ണവും പൈസവും ... അതിനു മുന്നില്‍ ദേവന് തന്നെ പോലും കാത്തു സൂക്ഷിക്കാന്‍ പറ്റാതെ വരുമ്പോള്‍ .. പൂട്ടി ബന്ധവസാക്കിയ മുറിയില്‍ തന്റെ ജനതയെ കാത്തു രക്ഷിക്കാന്‍ എങ്ങിനെ കഴിയും ....
അവര്‍ നല്ല പൊക്കാളി നെല്ലിന്റെ ചോറുണ്ടു ..മുങ്ങി തപ്പി എടുത്ത കക്കയും മീനും കറിയാക്കി ... തെളി നീര്‍ തടാകങ്ങളില്‍ മുങ്ങി നിവര്‍ന്നു ... ഒരു ജനതയുടെ ജല ജീവിതം .. നാളെയെ കുറിച്ചും പറഞ്ഞു വെക്കുന്നു സാറ ജോസഫ്‌ ..കുമിഞ്ഞു കൂടുന്ന മാലിന്യം ... ജലത്തിന് വേണ്ടി ഉള്ള യുദ്ധം .....
" ആതി " അതി മനോഹരമായ ഒരു നോവല്‍ .. ഒരു കവിത പോലെ .......അല്ല ., ഒരു തെളിനീര്‍ ഒഴുക്ക് പോലെ ... "ആതി" .
വായിച്ചു കഴിഞ്ഞു ഞാന്‍ " ആതി' യെ ഒന്ന് ചുംബിച്ചു ..പിന്നെ കണ്ണടച്ചു ഇരുന്നു .....
ഓര്‍മയില്‍ ഒരു ബാല്യം ... കര്‍ക്കിട മഴയില്‍ വെള്ളം മുങ്ങുന്ന, വെള്ളാമ്പല്‍ പൂക്കുന്ന ... പാടം ... പടിഞ്ഞാറെ മുറ്റത്ത്‌ വലിയ ചെമ്പ് കലത്തില്‍ പുഴുങ്ങുന്ന നെല്ലിന്റെ മനം മയക്കുന്ന ഗന്ധം ......
പ്രളയ ജലത്തിന് ശേഷം ആലിലയില്‍ ഒരു കുരുന്നു തമ്പുരാന്‍ ഒഴുകി വരും .. പുതിയൊരു ജനതക് വേണ്ടി ..അവര്‍.. ; ആ പുതിയ ജനത... തമ്പുരാനെ മനസ്സില്‍ പ്രതിഷ്ടിക്കും .. അവര്‍ നീര്തടാകങ്ങളില്‍ മുങ്ങി . ചെറു മീനും കക്കയും അന്നെക്കുള്ളത് മാത്രം വാരി എടുക്കും.. കൂട്ട് ചേര്‍ന്ന് വിളയിച്ച പൊക്കാളി നെല്ലിന്റെ ചോറ് ഉണ്ണും .. തെളി നീര്‍ തടാകങ്ങളില്‍ നിന്ന് വെള്ളം കോരി കുടിക്കും ... അവര്‍ക്ക് വേണ്ടി മഞ്ഞു കാലത്ത് മഞ്ഞും , മഴക്കാലത്ത്‌ മഴയും , വേനല്‍ കാലത്ത് വെയിലും ഉണ്ടാകും .. കൂരിരുട്ടില്‍ അവര്‍ ആരെയും പേടിക്കാതെ പാടത്തും പറമ്പിലും കിടന്നു ഇണ ചേരും ... ഒരു വെയില്‍ ഏറ്റാല്‍ വാടാത്ത , ഒരു മഞ്ഞോ മഴയോ കൊണ്ടാല്‍ പനിക്കാത്ത അവരുടെ കുട്ടികള്‍ .. പാടത്തും പറമ്പില്‍ നടന്നു തിമിര്‍ക്കും ..
"ആതി" വായിച്ചിരിക്കേണ്ട ഒരു നോവല്‍ ...
എത്ര മനോഹരം ആണ് വാക്കുകള്‍ മൊഴിയപ്പെടുമ്പോള്‍ , കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ .......
ഒറ്റ വാക്കില്‍ എഴുതേണ്ടുന്ന ഉത്തരം 
=================================
ഒരു ചോദ്യം 
ഒറ്റ വാക്കില്‍ ഉത്തരം എഴുതേണ്ടുന്ന 
ഒന്ന് 
ഉത്തരം ഉറങ്ങി കിടക്കുന്ന 
ആ ചോദ്യം 
നിനക്ക് വേണ്ടി തിരഞ്ഞെടുത്തത് 
ഞാന്‍ തന്നെ .. 

എനിക്കറിയാം
ഉത്തരം തേടി നീ അലയും...
ഇന്ന് മുഴുവന്‍ ..
പിന്നെ നാളെയും നാളെ കഴിഞ്ഞും
നീ അലയാതിരിക്കാന്‍
എന്നില്‍ നിന്ന് അകലാതിരിക്കാന്‍
ഉത്തരം ഉറങ്ങി കിടക്കുന്ന
ആ ചോദ്യം നിനക്ക് വേണ്ടി തിരഞ്ഞെടുത്തത്
ഞാന്‍ തന്നെ

ചോദ്യത്തില്‍ ....
എന്റെ മിഴിയില്‍ ....
മൊഴിയില്‍ ......
ഒക്കെതിലും ഉണ്ടായിരുന്നു
ആ ഒറ്റ വാക്കുത്തരം

എന്നിട്ടും
നീ പറഞ്ഞത്
കേള്‍ക്കാന്‍ രസമുള്ള
മറ്റെന്തൊക്കെയോ ആയിരുന്നു
മഴവില്‍ നിറമുള്ള
വാക്കുകള്‍........
പറയാതെ പോയത്
ആ ഒറ്റവാക്കുത്തരം

കഴിയാതെ പോയതോ ..?
പറയാതെ പോയതോ ..?
തോറ്റത് , നീ അല്ല
നിനക്ക് വേണ്ടി ചോദ്യം
തിരഞ്ഞെടുത്ത ഞാന്‍
കാരണം
എന്റെ മിഴിയില്‍ ....
മൊഴിയില്‍ ......
ഒക്കെതിലും ഉണ്ടായിരുന്നു
ആ ഒറ്റ വാക്കുത്തരം

9/17/2012

വക്ക് പൊട്ടിയ ഒരു വാക്ക്

മൊഴിയപ്പെട്ടു മൊഴിയാകും മുന്‍പേ
വക്കു പൊട്ടിയ ഒരു വാക്ക് 
പറയാതെ പോയതല്ല ഞാന്‍ 
ആരും കേള്‍ക്കാതെ പോയതും അല്ല 
അപൂര്‍ണമായത്‌ പൂര്‍ണത്തെ ഉള്‍ കൊള്ളാത്തത് കൊണ്ടാകാം 
അതിനുള്ളിലെ നൊമ്പരം ആരും അറിയാതെ പോയത് ......
ഇപ്പൊ എന്റെ നൊമ്പരം , എന്നെ കുറിച്ചല്ല 
നിന്നെ കുറിച്ചല്ല , നിങ്ങളെ കുറിച്ചല്ല 
ആ വാക്കിനെ കുറിച്ച് ആണ് ,
പൂര്‍ണത്തെ ഉള്‍ കൊള്ളാതെ പിറവി എടുക്കേണ്ടി വന്ന
ആ വാക്ക് .....
ആരെല്ലാം കേട്ടിട്ടും , അറിയാതെ പോയ
ആ വാക്ക് ....
തിരിച്ചെടുക്കാന്‍ കഴിയാത്തത് കൊണ്ട്
ആ വാക്കിനു തൊട്ടു മുന്‍പ്
ഒരു പൂര്‍ണ വിരാമം
നാളെ ആ വാക്ക് ഒരു കവിതയായ് മാറാം
എങ്കിലും
അപൂര്‍ണം പൂര്‍ണത്തെ പേറാത്തതിനാലെ ,
അന്നും ആ നൊമ്പരം അറിയാതെ പോകാം ....
ആരും അറിയാതെ പോകാം .....

വാക്കുകള്‍

2005 ഇല്‍ റോസ് മേരി യുടെ "വാക്കുകള്‍ ചേക്കേരുന്നിടം" എന്ന കവിത വായിച്ചു അതിനു എഴുതിയ ഒരു മറുപടി കവിത . ആത്മഗതങ്ങള്‍ ആണ് റോസ് മേരി കവിതകള്‍ .മരണത്തിലേക്ക് പോയ സഹോദരന്റെ ,പറയാന്‍ കഴിയാതെ പോയ വാക്ക് തേടുന്ന ആ കവിത " വാക്കുകള്‍ ചെക്കെരുന്നിടം" എനിക്ക് എന്ത് കൊണ്ടോ ഒരുപാടു ഇഷ്ടപ്പെട്ടു...

=========================

ഇതെന്‍റെ വാക്കുകള്‍ ആണ് 
ഒരു പഴയ ശിശിരത്തില്‍ 
റബ്ബര്‍ മര ക്കാടുകള്‍ ഹിമമനിഞ്ഞു നില്‍ക്
കവേ ,
കുപ്പായ കീശയിലെ ചൂള മരക്കായകളും
നേര്‍ത്ത പാല്‍ മണവും , ബാക്കി വെച്ച്
ചെറു കിളികള്‍ ചേക്കിറങ്ങും നേരം
കൊങ്ങിണി പൊന്തകളില്‍ ചേക്കേറിയ
എന്റെ വാക്കുകള്‍

ഇതെന്‍റെ വാക്കുകള്‍ ആണ്
പുരോഹിതന്റെയും , പരിചാരികയുടെയും
വാക്കുകള്‍ക്കുമപ്പുറം
മനസ്സിന്റെ താഴ്വരകളിലും
മരിച്ചവര്‍ക്ക് വിരുന്നൂട്ടുന്നിടത്തും
എന്റെ സഹോദരി തേടി നടന്ന
എന്റെ വാക്കുകള്‍

ഇതെന്‍റെ വാക്കുകള്‍ ആണ്
റബ്ബര്‍ മര കാടുകള്‍ക്കിടയിലൂടെ
സന്ധ്യ കടന്നു വരുമ്പോള്‍ മാത്രം
ചെക്കിരങ്ങാറുള്ള എന്റെ വാക്കുകള്‍
അടച്ചിട്ട ജാലക വാതിലും
ആളൊഴിഞ്ഞ ചെമ്മണ്‍ പാതകളും
ഇലപോഴിഞ്ഞ റബ്ബര്‍ മരക്കാടുകളും
മാത്രം കണ്ടു
എല്ലാ പുലരികളിലും ചെക്കേരുവാനും
സന്ധ്യകളില്‍ ചെക്കിരങ്ങാനും
കണ്ടു കൊതി തീരാത്ത
ഈ കുന്നുകളിലും , താഴ്വരകളിലും
ഒരു തെന്നല്‍ പോല്‍ -അലയുവാനും
മാത്രം വിധിക്കപ്പെട്ട എന്റെ വാക്കുകള്‍

ഞാന്‍ ഭയക്കുന്നു
മറവിയുടെ വൃക്ഷ ശിഖരം
എന്റെ സഹോദരിയുടെ ഓര്‍മയുടെ മേല്‍
മുറിഞ്ഞു വീഴുമോ എന്ന്
ഞാന്‍ ഭയക്കുന്നു
എങ്കില്‍............... ....... ................. എങ്കില്‍
എങ്ങനെ എനിക്ക്
താഴ്വാരത്തുംബികളുടെ ജീവിത കാലം അറിയാന്‍ കഴിയും ..?

8/22/2012

തുടക്കത്തിലേ പറഞ്ഞു കൊള്ളട്ടെ , ഇതും മണ്ണും, മഴയും തന്നെ തന്ന ഓര്‍മ്മകള്‍ ആണ്....കൊയ്തൊഴിഞ്ഞ പാടത്തെ ചേറ്റു മണമുള്ള ; പറമ്പില്‍ നിന്ന്, ഓണമുണ്ണാന്‍ കാലേ കൂട്ടി കണക്കാക്കി നട്ട് നനച്ച പച്ച കറികള്‍ വിളവെടുക്കുമ്പോള്‍ ഉണ്ടാകുന്ന മണ്ണിന്റെയും , പച്ച പയര്‍ വള്ളിയുടെയും മണമുള്ള ഓര്‍മ... 
ഇന്ന് വൈകിട്ട് ചെറിയ ഒരു ഷോപ്പിംഗ്‌ കഴിഞ്ഞു ഞാനും ഭാര്യയും വീടിലേക്ക്‌ വന്നു കയറുമ്പോള്‍ കണ്ടു , ഇളം തിണ്ണയില്‍ അമ
്മയോട് കുശലം പറഞ്ഞിരിക്കുന്ന കുഞ്ഞു പെണ്ണിനെ ... വാര്‍ധക്യത്തിന്റെ വയ്യായ്ക ഉണ്ട് എന്ന് പറയുമ്പോഴും മണ്ണിന്റെ മനസ്സറിഞ്ഞു പണിയെടുത്ത മേനിക്ക് ഇനിയും വേണമെങ്കില്‍ ഒരൂണിനുള്ള നെല്ല് കുത്തി അരിയാകാം എന്ന് പറഞ്ഞു തെളിഞ്ഞു ചിരിക്കുന്ന കുഞ്ഞു പെണ്ണ് ....
പ്ലാസ്റ്റിക്‌ കാരി ബാഗില്‍ അല്പം വാടിയ പച്ചക്കറി കണ്ടു കുഞ്ഞു പെണ്ണ് എന്റെ ഏഴു മാസം പ്രായം ഉള്ള മകനോടെന്ന പോലെ പറഞ്ഞു ..
" അന്ന് മോന്റെ അച്ഛന് വേണ്ടി ഈ അമ്മൂമ്മയോക്കെ ചേര്‍ന്ന് പറമ്പില്‍ ഉണ്ടാക്കിയിരുന്നു ഇതൊക്കെ .."
അത് ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ് .....
പാട്ടത്തിനു എടുത്ത ഒരു തുണ്ട് ഭൂമിയില്‍ അച്ഛനും അനിയന്മാരും ചേര്‍ന്ന് നെല്ല് വിതച്ചിരുന്നു അന്ന്... കുറച്ചു നാള്‍ ഉണ്ണാന്‍ ഉള്ളത് മാത്രം ..അല്‍പ നേരം കൊണ്ട് മാത്രം കൊയ്ത്തു തീരുന്ന ആ കൊയ്ത്തു പാടത്ത് കുഞ്ഞു പെണ്ണും പിന്നെ ഒന്നോ രണ്ടോ പേര്‍ തീര്‍ന്നു ..
മുറ്റത്ത്‌ വലിയ ചെമ്പില്‍ നെല്ല് പുഴുങ്ങുന്നതിന്റെ മണം... ഓര്‍മയില്‍ ആ സുന്ഗന്ധം മാത്രം ...!
വടക്കേ പറമ്പിലെ പയറു പറിക്കുന്നത്‌ ഓണത്തിന് രണ്ടു ദിവസം മുന്‍പാണ്‌ ... പൂരാടതിന്റെ അന്ന് .
നേര്‍ത്ത വെയിലും , ചെറു ചാറ്റല്‍ മഴയും ഏറ്റു അച്ഛനോടൊപ്പം , കുഞ്ഞു പെണ്ണും, കുഞ്ഞു പെണ്ണിന്റെ മോന്‍ ശശിയും ചേരുന്നു പയറു പറിച്ചു കൂട്ടും ...
............
വീട്ടിലേക് ഉള്ളതും, പപ്പടത്തിനു ഉള്ളതും കഴിച്ചു - പപ്പടത്തിനു ഉള്ളത് എന്ന് പറയുമ്പോള്‍ , പപ്പടം ഉണ്ടാകുന്ന ജാനു അമ്മക് പൈസ വേണ്ട പകരം പയര്‍ മതി .. ഒരു തരം ബാര്‍ട്ടര്‍ സമ്പ്രദായം ...- ബാക്കി പയറും , കുറച്ചു തേങ്ങയും അത്രോയൊക്കെ മതിയായിരുന്നു ഓണത്തിന് ഉള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍
അത്തത്തിനു മുന്‍പേ എത്തും കുഞ്ഞു പെണ്ണും മോനും , ശശി ചേട്ടന്‍ മുറ്റം ചെത്തി മിനുക്കും .... പിന്നീട് വീട് മാറിയിട്ടും ഇല്ലാത്ത മുറ്റം ചെത്താന്‍ ശശി ചേട്ടന്‍ വരും .. തന്റെ തൂമ്പ കൊണ്ട് ശശി ചേട്ടന്‍ ഒരു കോരി മണ്ണ് മാറ്റി ഇട്ടാല്‍ മതി ... ഒരു തെളിച്ചം ആണ്... ഓണം എത്തി എന്ന് വിളിച്ചു പറയുന്ന ഒരു മുഖം മിനുക്കല്‍ തന്നെ ആണ് അത് ...
കുഞ്ഞു പെണ്ണ് ഭാഗ്യവതി ആണ് , ആവുന്ന കാലത്തോളം പണിയെടുത്തു .. അതും മണ്ണില്‍ ...! പലരെയും തന്റെ വിയര്‍പ്പു കൊണ്ട് അന്നമൂട്ടി.. കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പ് മകന്‍ പറഞ്ഞു " കുറെ നാള്‍ പണിയെടുത്തില്ലേ..ഇനി അമ്മ ചുമ്മാ ഇരിക്ക് " ഇപോ സ്വസ്ഥം ഗൃഹ ഭരണം
കുറച്ചു നേരം ഇരുന്നു നാട്ടു വിശേഷവും , വീട്ടു വിശേഷവും ... ഓണ കഥകളും പറഞ്ഞിട്ട് പതുക്കെ എഴുനേറ്റു നടന്നു. കൊയ്തൊഴിഞ്ഞു വെറും ചതുപ്പ് ആയി മാറിയ പാട വരമ്പും കടന്നു ...ഇടതോടിനു കുറുകെ ഒരു തെങ്ങ് വെട്ടിയിട്ട് ആരോ തീര്‍ത്ത പാലം കേറി വാര്‍ധക്യം തളര്‍ത്താത്ത മനസ്സും ശരീരവും ആയി കുഞ്ഞു പെണ്ണ് നടന്നു ....
പോകുന്നതിനു മുന്‍പ് അമ്മയോട് പറയുന്നത് കേട്ടു " സ്ഥലം കുറവാണ്..എന്നാലും കുറച്ചു ചീര എങ്കിലും നടു ..ഒന്ന് വിചാരിച്ചാല്‍ മതി ..മണ്ണില്‍ പണിയെടുത്താല്‍ മണ്ണ് തരും .."
ഏഴിന്റെ ഗുണന പട്ടിക 

കഴിഞ്ഞ ആഴ്ച വീടിലേക്ക്‌ വിളിച്ചപ്പോള്‍ ചേച്ചിക്ക്  പറയാന്‍ ഉണ്ടായിരുന്ന പരാതി ആദിയെ കുറിച്ച് ആയിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന അവന്‍ ക്ലാസ് കഴിഞ്ഞു വന്നാല്‍ പിന്നെ പുറത്തേക് ഒരു ഓട്ടമാണ് ... വീട്ടില്‍ ഇരുന്നു പഠിക്കുന്നില്ല .. ക്ലാസ്സ്‌ ടെസ്റ്റുകളില്‍ പലതിനും ബി പ്ലസ്‌ അല്ലെങ്കില്‍ ബി എന്ന നിലയിലേക് താഴ്ന്ന്നു വരുന്നു ... ഇടക് ഫോണ്‍ വാങ്ങിച്ചു ആദി പറഞ്ഞതും പരാതി ആയിരുന്നു.. അമ്മ അവനെ കളിയ്ക്കാന്‍ വിടുന്നില്ല .. എപ്പോഴും വഴക്ക് പറയുന്നു ... ! ചേച്ചിയോട് മറുപടി പറഞ്ഞില്ല വെറുതെ ചിരിച്ചു .. ഈ ആഴ്ചാവസാനം വീട്ടില്‍  എത്തിയാല്‍ ഉടന്‍ പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു ആദിയെ സമാധാനപ്പെടുത്തി . 
സത്യത്തില്‍ അവനെ സഹായിക്കാന്‍ പാടില്ലാത്തത് ആണ് .. എല്ലാവരും പറയും ഞാന്‍ ആണ് അവനെ  പുന്നാരിച്ചു വഷള് ആകുന്നതു എന്ന് .. അത് കേട്ട് ഞാന്‍ ചിരിക്കും ..
ഒരു ദിവസം അവന്‍ എന്തോ കുരുത്തക്കേട്‌ ഒപ്പിച്ചപ്പോള്‍ വീട്ടില്‍ ആരോ അവനോടു ചോദിച്ചു " നീ എന്താ ആദി ഇങ്ങിനെ ഒക്കെ തുടങ്ങുന്നത് " എന്ന് 
മറുപടി പെട്ടെന്ന് ആയിരുന്നു " ഈ മാമന്‍ ആണ് എന്നെ ചുമ്മാ പുന്നാരിച്ചു വഷള് ആകുന്നതു"  എന്ന് .. 

അപ്പൊ പിന്നെ എങ്ങിനെ ഇവനെ സഹായിക്കും ..  ആഴ്ചാവസാനം വീട്ടില്‍ എത്തിയപ്പോള്‍ , ചേച്ചി അവന്റെ ക്ലാസ്സ്‌ ടെസ്റ്റ്‌ പേപ്പര്‍ മാര്‍ക്ക്‌ ലിസ്റ്റ് എല്ലാം എന്റെ അടുത്ത് കൊണ്ട് വന്നു " നീ പറ , ഇവന്‍ ഇങ്ങിനെ പോയാല്‍ എന്ത് ചെയ്യും .."
എനിക്കും തോന്നി ഇത് ശരിയാവില്ല .. എന്തായാലും വൈകുന്നേരം അവനെ ഇരുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു . തുടക്കത്തിലേ തന്നെ അവന്‍ ഉഴപ്പാന്‍ തുടങ്ങി .. 
ക്ഷമ നശിച്ചു എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഒരു വടിയെടുത്തു ..! തല്ലാന്‍ വടി ഓങ്ങിയ ഞാന്‍ പെട്ടെന്ന് വേണ്ട എന്ന് വെച്ച് ഏഴിന്റെ ഗുണന പട്ടിക മനസ്സില്‍ ചൊല്ലാന്‍ ശ്രമിച്ചു.. 
ഇല്ല.. എനിക്ക് ഇപ്പോഴും ഏഴിന്റെ ഗുണന പട്ടിക മന: പാഠം അല്ല .
പഠിപ്പിക്കല്‍ വേണ്ട എന്ന് പറഞ്ഞു അവനെ കളിയ്ക്കാന്‍ പറഞ്ഞു വിട്ടു 
അവന്‍ പുറത്തേക് ഓടിയപ്പോള്‍ എന്റെ മനസ്സ് ഏരൂര്‍ കെ. എം. യു .പി . സ്കൂള്‍ ലെ മൂന്നാം ക്ലാസ് ഇല്‍  ആയിരുന്നു .. മേരി കുട്ടി ടീച്ചര്‍ കഴിഞ്ഞ രണ്ടു ദിവസം ആയി രണ്ടു മുതല്‍ പത്തു വരെ ഉള്ള ഗുണന പട്ടിക പഠിപ്പിക്കുകയാണ് ..! ഒത്ത ഉയരവും വണ്ണവും ഉള്ള, ഒരിക്കലും ചിരിച്ചു കണ്ടിടില്ലാത്ത , അവരുടെ കയ്യില്‍ അപ്പോഴും തന്റെ കൈ നീളമുള്ള ഒരു ചൂരല്‍ ഉണ്ടായിരുന്നു .. എന്ത് കൊണ്ടോ ഞങ്ങളില്‍ ആര്‍ക്കും അവരെ ഒരു ടീച്ചര്‍ ആയി അന്ഗീഗരിക്കാന്‍ ആ പ്രായത്തിലും മടി ആയിരുന്നു ..
ഏഴിന്റെ ഗുണന പട്ടിക എല്ലാവരെയും കൊണ്ട് ചൊല്ലിക്കുക ആയിടുന്നു ടീച്ചര്‍... .
ചൊല്ലാന്‍ പറ്റാത്തവരുടെ പുറത്തും , തോള്‍ ഭാഗത്തും ,  ടീച്ചറുടെ ചൂരല്‍ ആഞ്ഞു പതിച്ചു .. പലരുടെയും പുറത്തും , തോള്‍ ഭാഗത്തും നീളത്തില്‍ ഉള്ള ചുവന്ന പാടുകള്‍ പിന്നീടു ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ കണ്ടു ..! ടീച്ചര്‍ എത്രയും പെട്ടെന്ന്മ രിച്ചു പോകണേ എന്നായിരുന്നു അന്ന് മുഴുവന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന . 
മുന്നില്‍ നിന്ന് രണ്ടാം നിരയിലെ ബെഞ്ചില്‍ രണ്ടാമത് ഇരുന്നിരുന്ന എനിക്ക് അന്ന് എന്താണാവോ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാതിരുന്നത് ? 
എന്നോട് ആദ്യം ചോദിച്ചത് നാലിന്റെ ഗുണന പട്ടിക .. പെട്ടെന്ന് തന്നെ അത് ചൊല്ലി .. പിന്നെ ഏഴ്.. 
ഞാന്‍ കരയണോ വേണ്ടയോ എന്ന അവസ്ഥയില്‍ ആയി .. കാരണം തലേ ദിവസം , അച്ഛന്‍ എന്നെ രണ്ടു മുതല്‍ പത്തു വരെ ഉള്ള ഗുണന പട്ടിക പഠിപ്പിച്ചു .. പക്ഷെ ഏഴിന്റെ ഇടക് നിന്ന് പോകുന്നു .. കുഴപ്പമില്ല അത് പിന്നെ പഠിക്കാം എന്ന് അച്ഛന്‍ പറഞ്ഞു .. 
അത് ചതിയായി ... വിറച്ചു വിറച്ചു ചൊല്ല് തുടങ്ങി .. ഇടക് നിന്നു .. പിന്നെ മുന്നോട്ടു നീങ്ങിയില്ല ..  ഒരെണ്ണം വൃത്തിയായി ചൊല്ലിയത് കൊണ്ട് ആവണം , ടീച്ചര്‍ പുറത്തു തല്ലിയില്ല .. നീട്ടി  പിടിച്ച കൈ വെള്ളയില്‍ മൂന്ന് അടി .. പുറത്തേക്  ഇറക്കി നിര്‍ത്തി
 " ഈ പിരീഡ് കഴിയുന്നതിനു മുന്‍പ് കാണാതെ പഠിച്ചു ചൊല്ലണം അല്ലേല്‍ നിനക്ക് കിട്ടും " 
ആ ചെറിയ പ്രായത്തില്‍ അത് സഹിക്കാവുന്നതിനു അപ്പുറം ആയിരുന്നു .. വിറച്ചു കൊണ്ട് പഠിച്ചു തുടങ്ങി .. ഒടുവില്‍ എങ്ങിനെയോ മനസില്‍ കുത്തി നിറച്ചു .. അടി പേടിച്ചു പെട്ടെന്ന് തന്നെ മനസ്സില്‍ നിറച്ചത് ടീച്ചറുടെ മുന്നില്‍ ചൊല്ലി തീര്‍ത്തു ..! ചൊല്ലി തീര്‍ന്നതും ഞാന്‍ അത് മറന്നു .. 
ഇന്നും എനിക്ക് ഏഴിന്റെ ഗുണന പട്ടിക മന: പാഠം അല്ല
ഈ ആഴ്ച വീട്ടില്‍ എത്തിയപോള്‍ ചേച്ചി വളരെ സന്തോഷത്തോടെ ആദിയുടെ ക്ലാസ് ടെസ്റ്റ്‌ മാര്‍ക്ക്‌ ലിസ്റ്റ് കാണിച്ചു തന്നു ഹിന്ദി ഒഴിച്ച് ഒക്കെത്തിനും എ പ്ലസ്‌ ... 
" മാമാ , ഹിന്ദി എനിക്ക് ഒട്ടും അറിയില്ല ..മാമന് അറിയോ..?'
" മാമന് അറിയില്ല എന്താ ആദി ..?"
" അപോ പിന്നെ എന്ത് ചെയ്യും "
" നീ ഒന്നും ചെയ്യണ്ട .. അതൊക്കെ പതുകെ ശരി ആയികൊളും.."
" എന്നാലും .." 
അവന്‍ വീണ്ടും സംശയത്തില്‍ ആണ് .. എന്നാലും ഹിന്ദി .. അതാണ് അവന്റെ പ്രശ്നം .. 
പക്ഷെ അത് എനിക്കോ വീടുകാര്‍ക്കോ ഇപോ ഒരു പ്രശ്നം അല്ല .. അതോകെ ശരി ആയികൊളും .. അവന്റെ മനസില്‍ ചൊല്ലാന്‍ പറ്റാത്ത ഒരു ഏഴിന്റെ ഗുണന പട്ടിക ഉണ്ടാകാതിരിക്കാന്‍ വേണ്ടി അതൊന്നും ഞങ്ങള്‍ ഒരു പ്രശ്നം ആകുന്നെ ഇല്ല ....

8/17/2012

ഭക്ഷണം പലപ്പോഴും ആര്‍ഭാടവും അഹങ്കാരവും ആകാറുണ്ട് അവിടെ കഴിക്കുന്നവന്റെ വയറു മാത്രം നിറയും, ഭക്ഷണം അവിശ്യമാകവേ , നാവും വയറും നിറയും , പക്ഷെ , ഭക്ഷണം മനസ്സും, നാവും, വയറും നിറയ്ക്കുന്നത്, അത് ഒരു അത്യാവശ്യം ആകുമ്പോള്‍ മാത്രം ആണ് .. അത് ഒട്ടും complicated ആക്കാതെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ആണ് " ഉസ്താദ്‌ ഹോട്ടല്‍ " എന്നാ ഈ ചെറിയ " വലിയ" ചിത്രത്തെ പ്രേക്ഷകര്‍ക് പ്രിയപെട്ടതു ആ
കി മാറ്റുന്നതും . തിലകനും , ദുല്ക്കറും ചേര്‍ന്നുള്ള ഓരോ സീനും മനോഹരം എന്ന് തന്നെ പറയണം ... " ഞങ്ങള്‍ക്ക് താരങ്ങള്‍ ആകേണ്ട പകരം നല്ല "നടി- നടന്മാര്‍ ആയാല്‍ മതി എന്നാ പുതു തലമുറയുടെ വിളിച്ചു പറയല്‍ തന്നെ ആണ് ദുല്‍ക്കര്‍ എന്നാ താര പുത്രനും ഈ രണ്ടു ( സെക്കന്റ്‌ ഷോ & ഉസ്താദ് ഹോട്ടല്‍ ) ചിത്രങ്ങളിലൂടെ നടത്തുന്നത് എന്നതില്‍ ഒരുപാടു സന്തോഷം തോന്നുന്നു. അഞ്ജലി മേനോന്‍ മഞ്ചാടിക്കുരു പോലെ മനോഹരമായ് ഒരു നന്മയുടെ കഥയാണ് "ഉസ്താദ് ഹോട്ടല്‍" എന്നാ ചിത്രത്തിലൂടെ പറയുന്നത് . ബ്രിഡ്ജ് , ഹാപ്പി ജേര്‍ണി " എന്ന രണ്ടു ചെറു ചിത്രങ്ങളിലൂടെ നമ്മ വിസ്മയിപ്പിച്ച അന്‍വര്‍ , അഞ്ജലി എന്നിവര്‍ വീണ്ടും നമ്മെ ശെരിക്കും അത്ഭുത്പ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ . മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ട് , അതില്‍ ഏറ്റവും മികച്ചത് ,ദുല്കരിന്റെ ഫൈസല്‍ ഉം , തിലകന്റെ കരീമിക്കയും ചേര്‍ന്നുള്ള ആ ബീച്ച് സീന്‍ തന്നെ . രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴത്തെ ഇത്രയും സിമ്പിള്‍ ആയി, ഇതിലും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമോ എന്ന് തോന്നുന്ന തരത്തില്‍ എത്ര മനോഹരമായിട്ടാണ് , അന്‍വര്‍ ആ സീന്‍ ചിത്രീകരിച്ചിരിക്കുന്നത് ..! ഒരു തൂവല്‍ മഴയില്‍ നനഞ്ഞു തണുത്ത് നില്‍ക്കവേ ഒരു സുലൈമാനി കുടിച്ച സുഖം ..! പിന്നെയും എത്ര എത്ര മികച്ച സീനുകള്‍ , ചത്ത്‌ പോയ പൂച്ച കുട്ടിയെ മറവു ചെയ്യുന്ന പോലും.. , ഓരോ സീനിനും ദുല്‍ക്കര്‍ എന്ന നടന്‍ കൊടുക്കുന്ന എക്സ്പ്രെഷന്‍, തിലകന്‍ എന്ന നടന്റെ ശരീര ഭാഷയും എക്സ്പ്രേഷനസും. നിത്യമേനോന്‍, സിദ്ദിക്ക് , പ്രവീണ എല്ലാവരും നന്നായി ചെയ്തു . സംഗീതം , ക്യാമറ , എല്ലാം എല്ലാം മനോഹരം ഈ സിനിമയിലേക്ക് കാഴ്ചക്കാരെ ക്ഷണിക്കാന്‍ മാമുക്കോയ എന്ന നടന്റെ ശബ്ദം അല്ലാതെ വേറെ ഒരു ശബ്ദം നമുക്ക് ആലോചിക്കാന്‍ കൂടി പറ്റില്ലാത്ത വിധം ആണ് , അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സിനിമ തുടങ്ങി , ആ ശബ്ദത്തിലൂടെ തന്നെ സിനിമയുടെ ക്ലൈമാക്സ്‌ ലേക്ക് എത്തുന്നതു. ഒഴിവാക്കാവുന്ന സീനുകള്‍ ഈ ചിത്രത്തിലും ഉണ്ട് . പക്ഷെ ചിത്രം കണ്ടു കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനോട്‌ പറഞ്ഞു , ആ സീനുകള്‍ ഞാന്‍ മറന്നു കളയുന്നു. കാരണം നന്മയുടെ ആഘോഷം ആണ് ഈ ചിത്രം അതിലെ ഈ ചെറിയ തെറ്റുകള്‍ മറന്നു കളയുക തന്നെ വേണം. അത് കൊണ്ട് തന്നെ ആ സീനുകള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. കഥയും പറയുന്നില്ല.. കാരണം ഇത് കണ്ടു , കരളില്‍ കൊണ്ട് നടക്കേണ്ട ഒരു ചിത്രം ആണ് ..
ബലി കറുകക്ക് വല്ലാത്ത ഒരു സുഗന്ധം ഉണ്ട് . പക്ഷെ ഒരിക്കല്‍ എന്റെ സുഹൃത്ത്‌ പറഞ്ഞു അതിനു സങ്കടത്തിന്റെ ഗന്ധം ആണ് എന്ന്. ഒരുപാടു സ്നേഹിച്ചിരുന്ന ഒരു മുത്തച്ചനോ , മുത്തശ്ശിയോ ഇല്ലാത്തതു കൊണ്ടാവണം എനിക്ക് അത് തോന്നാതിരുന്നത്. .! ഇന്നും കര്‍ക്കിടകത്തില്‍ വാവ് ദിവസം തലേന്ന്, ബലി കറുകയും അരിയും പൂവും ചേര്‍ത്ത് പിതൃക്കളെ ധ്യാനിച്ച് കത്തിച്ചു വെച്ച നിലവിളക്കില്‍ അര്‍പ്പിക്കവേ , ഞാന്‍ മാത്രം മാറി നില്കും, വ
ീട്ടില്‍ ആരും എന്നെ അതിനു നിര്‍ബധ്ധിചിടുമില്ല . കരയുന്ന കാക്ക എനിക്ക് മരിച്ചു പോയ എന്റെ മുത്തച്ചനോ മുത്തശ്ശിയോ അല്ല. പകരം ഒരുപാടു സ്നേഹത്തോടെ എന്റെ വീടിലെക് കടന്നു വരുന്ന സുഹൃത്തുക്കളില്‍ ആരുടെയോ വിരുന്നറിയിക്കുന്ന ഒരു ദൂതന്‍ ആണ് . തികഞ്ഞ കള്ള നോട്ടത്തോടെ അടുക്കള മുറ്റത്ത്‌, അമ്മിയില്‍ തേങ്ങയും , മുളകും ചേര്‍ത്ത് അരയ്ക്കുന്ന അമ്മയോട് " അവര്‍ വരാറായി , ഇനിയും വൈകാതെ , വിരുന്നോരുക്കൂ .." എന്ന് പറയുന്ന ഒരു ദൂതന്‍ ..
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു തണുത്ത സന്ധ്യയില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന ഏതോ ഒരു പരിപാടിയില്‍ വെച്ചാണ്‌ ഞാന്‍ ആദ്യം ആ കുട്ടിയെ കാണുന്നത് ..! വളരെ മനോഹരമായി പാടുന്ന ഒരു ഏഴാം ക്ലാസുകാരി ..!ആഷ് നിറത്തില്‍ ഉള്ള മിഡിയും , വെളുത്ത നിറത്തില്‍ ഉള്ള ടോപ്പും അണിഞ്ഞ അല്പം ഇരു നിറത്തില്‍ ഉള്ള ഒരു കുട്ടി ... അന്ന് പ്രീ ഡിഗ്രി വിദ്യാര്‍ഥി ആയിരുന്ന എനിക്ക് ആ കാലയളവിനുള്ളില്‍ ഇഷ്ടം തോന്നിയ ഒരു പ
ാട് കുട്ടികള്‍ ഉണ്ടായിരുന്നു .. അത് കൊണ്ട് " ഇതാ നിന്റെ ജീവിതത്തിലേക്ക് വരാന്‍ പോകുന്ന കുട്ടി " എന്ന് മനസ്സു പറഞ്ഞപ്പോള്‍ ,"നിനക്ക് വീണ്ടും തുടങ്ങിയോടാ" എന്ന് ഞാന്‍ എന്റെ മനസിനോട് ചോദിച്ചു ..! വര്‍ഷങ്ങള്‍ പോകവേ ജീവിതത്തില്‍ , പലപ്പോഴും പലരോടും പ്രണയം തോന്നി... വിവാഹം എന്ന് ചിന്തിക്കുമ്പോഴൊക്കെ , പിന്നീടു ഞാന്‍ കണ്ടിട്ടില്ലാത്ത ആ പാട്ട്കാരി കുട്ടി " നീ എന്തിനാ കൂടുതല്‍ ചിന്തിക്കുന്നതും , കൂടുതല്‍ പേരെ നോക്കുന്നതും, ഞാന്‍ തന്നെ വരും നിന്റെ ഭാര്യ ആയിട്ട് " എന്ന് മനസില്‍ ഇരുന്നു പറഞ്ഞു ..!
അവിചാരിതമായിട്ടു വന്ന വിവാഹാലോചന , അത് അവളുടെ ആണ് എന്ന് അറിഞ്ഞപോള്‍ ആദ്യം തോന്നിയത് അത്ഭുതം ആയിരുന്നു , ജാതകം ചേരില്ല എന്ന് അറിഞ്ഞപോള്‍ തോന്നിയത് ചെറിയ ഒരു സങ്കടവും ... എങ്കിലും നഷ്ടപെട്ടതിനെ ഓര്‍ത്തു സങ്കടപ്പെടാന്‍ ഇഷ്ടം ഇല്ലാത്തതു കൊണ്ട് തന്നെ അത് മറന്നു...
പിന്നീട് , കഴിഞ്ഞതിന്റെ മുന്‍പത്തെ ഒരു ഓണക്കാലത്ത് , ഞങ്ങള്‍ കണ്ടു . വര്‍ഷങ്ങള്‍ക് ശേഷം , ഉള്ള ഒരു കൂടി കാഴ്ച എന്ന് പറയാന്‍ പറ്റില്ല. കാരണം അവള്‍ എന്നെ ആദ്യമായി കാണുകയായിരുന്നു ... ! കുറച്ചു നേരം സംസാരിച്ചു , തിരിച്ചു വീട്ടില്‍ എത്തിയ ഞങ്ങള്‍ രണ്ടു പേരും " ഇത് മതി" എന്ന് അന്ന് തന്നെ പറഞ്ഞു .. വിവാഹം ഉറപ്പിക്കുന്നതിനു മുന്‍പ് അവളുടെ അച്ഛന്‍ ചോദിച്ചു " കുട്ടിയെ കാണണ്ടേ? "
മറുപടി പെട്ടെന്നായിരുന്നു ' ഞാന്‍ കണ്ടിടുണ്ട് " പറ്റിയ അബദ്ധം പെട്ടെന്ന് തിരുത്തി " പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് "
ഇത് എഴുതാന്‍ കാരണം ആരുടെയോ ഒരു സ്റ്റാറ്റസ് മെസ്സേജ് ആണ് " ജീവിതത്തിലേക്ക് വരുന്ന കുട്ടിയെ ദൈവത്താല്‍ തീരുമാനിക്കെപെട്ടിടുന്ടെങ്കില്‍ , പിന്നെ മറ്റൊരാളെ പ്രണയിക്കാന്‍ ദൈവം എന്തിനു അവസരം ഒരുക്കുന്നു " എന്ന്
പ്രണയം ഓടുപാട് ഉണ്ടാകാം, പക്ഷെ അതിനൊക്കെ ഇടയില്‍ ദൈവം നമ്മെ കാണിച്ചു തരും " ദാ, ഇവള്‍ / ഇവന്‍ ആണ് നിന്റെ ജീവിതത്തിലേക്ക് വരാന്‍ പോകുന്നത് " എന്ന് ..
ഓരോ മഴക്കാലവും, ആര്‍ത്തു പെയ്യുന്ന കര്‍കിടകത്തിനു ശേഷം ഇടയ്ക്കു ഒന്ന് മാറി നില്കും. തെളിഞ്ഞ ആകാശം കണ്ടു, പാറി വീഴുന്ന വെയില്‍ ചൂടേറ്റു , കൂട്ടം ചേര്‍ന്ന് തുള്ളുന്ന ഓണത്തുംബികളെ വരവേല്‍ക്കാന്‍ , ഓരോ മഴക്കാലവും ഇടയ്ക്കു ഒന്ന് മാറി നില്കും ....
കാലം മാറിയതോടെ , ഓണം എന്നുള്ളത് വെറും ഒരു ദിവസത്തെ ആഘോഷമായി മാറുമ്പോഴും , തൃപ്പൂണിത്തുരക്കാരന് അന്നും ഇന്നും അത്തം മുതല്‍ ഓണം തുടങ്ങും... തിരക്കേറിയ രാജ ന
ഗരിയില്‍ , കൊട്ടും മേളവും ഒക്കെയായി അത്താഘോഷം തുടങ്ങുമ്പോഴേ ഓണം വരവായി .....
ലക്ഷ്മി മൂപ്പത്തിക്ക് അന്ന് എത്ര വയസു ഉണ്ടാകും എന്ന് അറിയില്ല .. ഒരു നൂറു വയസ്സ് എന്തായാലും കഴിഞ്ഞു കാണും , തലയില്‍ വെച്ച കുട്ടയില്‍ , കളി മണ്ണില്‍ മെനഞ്ഞ ത്രിക്കക്കരയപ്പനെയും കൊണ്ട് വീട്ടില്‍ വന്നു കേറും.. " വേണോ എന്ന ചോദ്യം ഇല്ല. " ഏഴു ഓണത്തപ്പനെ ഇറയത്ത്‌ വെച്ചിട്ട് പതുകെ നടന്നു പോകും അടുത്ത വീടിലെക് . ഇനിയുള്ള വരവ് ഓണം കഴിഞ്ഞിട്ട് , പൈസ വാങ്ങാന്‍ ...! ലക്ഷ്മി മൂപ്പത്തി മരിച്ചിട്ട് ഇപോ ഒരു അഞ്ചു വര്‍ഷം ആയി കാണും .. എന്നാലും ഓണത്തപ്പന്‍ വീടിലെക് വരുന്ന രീതിക് മാത്രം മാറ്റം ഇല്ല , സരസു മൂപ്പത്തിയുടെ തലയിലെ പുതിയ പനമ്പ് കുട്ടയില്‍ കേറി ഈ പ്രാവശ്യവും ഓണത്തപ്പന്‍ വരും .. ലീവ് എടുത്തു ഞാന്‍ വീട്ടില്‍ എത്തുന്നതിനു മുന്‍പേ ...

മുറ്റത്തും പാടത്തും പൂക്കളും , പൂക്കള്‍ പറിക്കാന്‍ സമയവും ഇല്ലാത്തതു കൊണ്ട് തിരുവോണത്തിന് മാത്രം പൂക്കളം ഇട്ടു സായൂജ്യമടയാന്‍ എന്തായാലും ഞങ്ങള്‍ ത്രിപ്പൂനിതുരക്കാര്‍ തയ്യാറല്ല അത് കൊണ്ട് തന്നെ അത്തം മുതല്‍ ഉത്രാടം വരെ തോവാള പൂക്കള്‍ ഓരോ വീട് മുറ്റത്തും പൂക്കളും തീര്‍ക്കും...

തൃപ്പൂണിതുറക്ക് ,തുളസിയുടെയും , താമരയുടെയും ഗന്ധമാണ് ... സ്പന്ദനം ശാസ്ത്രീയ സംഗീതത്തിന്റെയും .. പൂരാടത്തിനും , ഉത്രാടത്തിനും ആ നഗര വീഥിയിലൂടെ ഒന്ന് നടകുമ്പോള്‍ നമ്മിലേക്ക്‌ ഓണം ഒരു വികാരം ആയി വന്നു നിറയും .... ഇടക് എങ്കിലും , കഴിഞ്ഞു പോയ ഒരു ബാല്യത്തിന്റെ ഓര്‍മയില്‍ ഒരു ചെറു സങ്കടവും ....
നാടന്‍ കോഴിമുട്ട ചേര്‍ത്ത അരിമാവ് അച്ചില്‍ മുക്കി തിളച്ചു മറിയുന്ന വെളിച്ചെണ്ണയില്‍ പൊരിച്ചു കോരുന്ന അച്ചപ്പം .. അതാണ് തുടക്കം. പലഹാരത്തിലെ ആദ്യ ഇനം ..! ഇല്ലായ്മകള്‍ക്കിടയിലും പത്തു നടന്‍ കായ ഉപ്പേരി ഉണ്ടാകാതെ എന്ത് ഓണം എന്ന് പറഞ്ഞിരുന്ന ഞങ്ങളും ഇപ്പൊ ബേക്കറി യില്‍ നിന്ന് വരുന്ന പലഹാരത്തിന്റെ സൌകര്യത്തില്‍ , പലഹാര പാത്രങ്ങള്‍ നിറക്കാന്‍ തുടങ്ങി ....

കാലം മാറിയിട്ടും മാറാത്ത ഒന്ന് തന്നെ ആണ് ഉത്രാട പാച്ചില്‍ .... അന്നും ഇന്നും ഉത്രാടം ഉച്ച തിരിഞ്ഞാല്‍ ഞങ്ങള്‍ ഓരോരുത്തരും തിരക്കില്‍ ആയിരിക്കും... തൃപ്പൂണിത്തുരയില്‍ നിറഞ്ഞൊഴുകുന്ന ജനങ്ങളില്‍ ഒന്നായി ചേരുമ്പോഴും ... പരിചയമുള്ളവരെ കാണുമ്പോള്‍ ചിരിക്കാനും "ഓണം എവിടെ വരെയായി .." എന്ന് ചോദിക്കാനും സമയം കിട്ടും.. അത് കൊണ്ട് തന്നെ ആണ് ഈ ഉത്രാട പാച്ചില്‍ ഞങ്ങള്‍ തൃപ്പൂണിത്തുരക്കാര്‍ ഇത്രയേറെ ഇഷ്ടപെടുന്നതും ...

ഉത്രാട രാത്രിയില്‍ ഒരു ചെറു മഴ ഉണ്ടാകും .. ഒരു തൂവല്‍ മഴ ... മണ്ണ് കൊണ്ട് എതിരേല്‍പു തറ ഉണ്ടാക്കുന്ന സമയം ചെറുതായി നനച്ചു കൊണ്ട് ഒരു ചാറ്റല്‍ മഴ ..... കുരുത്തോലയും തെങ്ങിന്‍ പൂക്കുലയും കൊണ്ട് എതിരേല്‍പു തറ അലങ്കരിച്ചു ഒരു മയക്കത്തിന് ഉത്രാട പാചിലിനു വിരാമം ഇടുമ്പോള്‍ അര്‍ദ്ധ രാത്രി കഴിഞ്ഞിടുണ്ടാകും ...

പുലര്‍ച്ചെ , അരിപൊടി കലക്കി എതിരെല്പ്പു തറയിലും , പൂമുഖ വാതില്കളിലും പതിപ്പിച്ചു .. ആര്‍പ്പോ വിളിച്ചു , പൂവട നേദിച്ച് , ഏഴു ഓണതപ്പ്ന്മാരില്‍ ഒരെണ്ണം വീടിലെക് കടന്നു വരുന്ന വഴി തുടക്കത്തിലും , ഒരെണ്ണം അകത്തെ മുറിയിലും ബാകി എതിരേല്‍പു തറയിലും വെച്ച് കഴിയുമ്പോള്‍ നേരം പുലര്‍ന്നു തുടങ്ങും .. ഇന്നും മാറ്റമില്ലാത്ത എതിരെല്‍പ്പ്.

വീണ്ടും ഒരു തിരുവോണ പുലരി ..... ഓരോ ഓണക്കാലവും , കടന്നുവരുന്ന ജീവിതത്തിന്റെ ഓരോ നിമിഷത്തിനും വേണ്ടി സമ്മാനിക്കുന്നത് ഒരായിരം ഓര്‍മ്മകള്‍ ആണ് ... എന്തിനു വേണ്ടി ജീവിച്ചു എന്ന് എപോഴെങ്കിലും ചിന്തികേണ്ടി വന്നാല്‍ , ഓര്‍മ്മകള്‍ നമ്മോടു പറയും ഇതിനൊക്കെ വേണ്ടി തന്നെ.. അതെ ജീവിച്ചു , ജീവിച്ചു കൊണ്ടിരിക്കുന്നു എന്ന് തോന്നിപ്പുന്നത് ഇത്തരം ഓര്‍മ്മകള്‍ തന്നെ .. ഓണക്കാല ഓര്‍മകള്‍ക്ക് ഇത്രയും നിറം ചാര്‍ത്തിയത് ഈ രാജാ നഗരി തന്നെ.... വീണ്ടും ഒരായിരം ഓര്‍മകളുമായി ഒരു ഓണക്കാലം....
കുറച്ചു ദിവസം ആയി സിംഹാസനം എന്നാ ചിത്രത്തെ കുറിച്ച് കാശു പോയ സങ്കടം കൊണ്ട് ഒരുപാടു പേര്‍ റിവ്യൂ എഴുതുന്നു. റൂമില്‍ ഒറ്റക് ഇരുന്നു ബോര്‍ അടിച്ചപോള്‍ , എന്നാല്‍ പിന്നെ തല വെച്ചേക്കാം എന്ന് കരുതി ഇറങ്ങി . തിയേറ്ററില്‍ ഉള്ള മറ്റു സിനിമകള്‍ കണ്ടത് കൊണ്ട് , ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു . തിയേറ്ററില്‍ എത്തിയപ്പോള്‍ സിനിമ തുടങ്ങാനുള്ള സമയം ആയി .. മൊത്തം ഒരു ഏഴോ - എട്ടോ പേര്‍ ഉണ്ടാകും ... വരേണ്ടായിരുന്ന
ു .. എല്ലാവരും പറഞ്ഞിട്ടും ... അറിഞ്ഞു കൊണ്ട് തല വെക്കണോ ..? റൂമില്‍ ഇരുന്നു ഒരുപാടു ആലോചിച്ചു കാണാം എന്ന് തീരുമാനിച്ചു ... പക്ഷെ ഒട്ടും ആലോചിക്കാതെ കാണണ്ട എന്നും തീരുമാനിച്ചു .. തിരിച്ചു റൂമില്‍ എത്തി സിംഹാസനം എന്ന മനോഹര ചിത്രത്തിലെ ഗാനങ്ങള്‍ കണ്ടപ്പോള്‍ മനസിലായി ഒരുപാടു ആലോചിച്ചു എടുത്താലും ചില തീരുമാനങ്ങള്‍ മണ്ടത്തരവും , ഒട്ടും ആലോചികാതെ തീരുമാനിച്ചാല്‍ അത് നല്ല തീരുമാനങ്ങളും ആകാം എന്ന് ..!
പാട്ടുകള്‍ ചെയ്തിരിക്കുന്നത് ഏതോ ഒരു റോണി റാഫേല്‍ ( എനിക്ക് സംഗീത കുലപതികളെ കുറിച്ച് വലിയ പിടിപാട് ഇല്ലാത്തതു കൊണ്ടാകും , ഇദ്ദേഹത്തെ കുറിച്ച് ഇതിനു മുന്‍പ് കേട്ടിടില്ല ) ഇതിനെ ഒക്കെ കൊലപാതകം എന്നാണ് പറയേണ്ടത് .. സത്യം പറഞ്ഞാല്‍ , റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ " മഴ പെയ്യാണ്‌.." " എന്ന് തുടങ്ങുന്ന ഒരു കൊലച്ചതി സംഗീത സംവിധായകന്‍ ജയചന്ദ്രനും ഷാജി കൈലാസും കൂടി ചെയ്തിടുണ്ട് ... അതിനു ശേഷം ജയചന്ദ്രന്‍ അത്തരത്തില്‍ ഒരു കൊലപാതകം ചെയ്തിട്ടില്ല അതിനു അദ്ദേഹത്തോട് ഒരുപാടു നന്ദി ഉണ്ട് .. അത് കൊണ്ടാകണം ഈ പ്രാവശ്യം ഷാജി അണ്ണന്‍ റോണി റാഫേല്‍ എന്ന പുതിയ കൂട്ട് തേടിയത് ...
ദൈവം പരമ കാരുണ്യവാനും , ക്ഷമ ഉള്ളവനും ആണ് എന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ വേറെ എന്ത് വേണം ... തന്റെ കുറെ പാട്ടുകളിലൂടെ ഷാജി അണ്ണനും കൂട്ടുകാരും കൂടി പളനി മല മുരുകന്റെ ക്ഷമ ഒരുപാടു പരീക്ഷിച്ചു ..! ഇപോ അതും പോരാഞ്ഞിട്ട് പദ്മനാഭനെയും വെറുതെ വിടില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് എന്ന് തോന്നുന്നു ..! മുരുകനെയും, ശ്രീ പദ്മനാഭനെയും , ശിവനെയും വിളിച്ചു തുടങ്ങുന്ന ഗാനം എങ്ങാനും അറിയാതെ പ്ലേ ചെയ്താല്‍ , മരിക്കാന്‍ കിടക്കുന്നവന്‍ എഴുനേറ്റു വന്നു അത് പ്ലേ ചെയ്തവനെ തല്ലും .. അത്രയ്ക്ക് മനോഹരമാണ് അതിന്റെ വരികളും , സംഗീതവും .. കുറ്റം പറയരുതല്ലോ .. അതിലെ നമ്മുടെ പ്രിത്വി രാജ് എന്ന മഹാനായ നടന്റെ നടന വൈഭവം കണ്ടാല്‍ പിന്നെ ഒന്നും പറയണ്ട എഴുനേറ്റു വന്നവന്‍ അവിടെ ഉരുണ്ടു വീണു മരിക്കും ...
ഒരെണ്ണം ഇങ്ങിനെ ആയി പോയതാകാം എന്ന് കരുതി അടുത്ത പാട്ട് പ്ലേ ചെയ്തു , " ഓ മയോ , അങ്ങിനെ ഇത് വരെ കേള്‍കാത്ത ഒരു വാക്ക് കൊണ്ട് തുടങ്ങിയ ആ ഗാനം തുടക്കത്തില്‍ തോന്നി നല്ലത് എന്ന് .. പക്ഷെ അതും തഥൈവ ..!
പിന്നെ പറയാന്‍ പറ്റില്ല ഇത് എന്റെ കുഴപ്പം ആകാം .. കാരണം എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരു കറി ആണ് " അവിയല്‍ " ഒരുവിധ പെട്ടെ എല്ലാ പച്ചക്കറിയും ചേര്‍ത്ത ഒരു നാടന്‍ വിഭവം .. ഈ പാട്ടുകളും അങ്ങിനെ ഒക്കെ തന്നെ .. ഇത് വരെ കേട്ട പാട്ടുകള്‍ ( ഷാജി അണ്ണന്റെ , പടത്തില്‍ പലതിലും കേട്ട പാടുകള്‍ ) എല്ലാം കൂടെ വെട്ടി നുറുക്കി ഉണ്ടാക്കിയ ഒരു അവിയല്‍ പരുവത്തിലുള്ള പാട്ടുകള്‍ ..ഇത് ഷാജി അണ്ണന്റെ തന്നെ ചെയ്ത കൊല ചതി ആണോ ആവോ .. എന്നിട്ട് ചുമ്മാ ഇട്ടതാണോ " റോണി റാഫേല്‍ " എന്ന പേര് ...

എന്തായാലും എന്റെ അണ്ണാ, ഞങ്ങളെയോ കൊല്ലാന്‍ തീരുമാനിച്ചു .. പാവം ദൈവങ്ങളെ എങ്കിലും വെറുതെ വിട്ടൂടെ ..?
( കഴിഞ്ഞ ദിവസം വീടിലേക്ക്‌ ഫോണ്‍ ചെയ്തു കൊണ്ടിരിക്കവേ , അമ്മ വല്ലാതെ ഒച്ചയില്‍ സംസാരിക്കുന്നു ... എന്താടി അമ്മ ഒച്ചയെടുക്കുന്നത് " എന്ന് ഭാര്യയോട്‌ ചോദിച്ചു : മറുപടി ഇതായിരുന്നു " അത് , ആദി ( ചേച്ചിയുടെ മകന്‍ ) ചാനല്‍ മാറ്റിയപ്പോള്‍ ഏതോ ചാനല്‍ , സിംഹാസനത്തിലെ ഒരു പാട്ട് കാണിച്ചു അത് നിരത്താന്‍ പറഞ്ഞു ഒച്ചയെടുക്കുന്നതാ 

6/07/2012

ഈ മഴക്കാറുകള്‍ പെയ്തൊഴിഞ്ഞാല്‍ 
സഖി നിന്‍ ചാരെയെത്തുമെന്‍ വേണുവൂതും
നീല്‍ക്കടംബിന്റെ ചേലൊത്ത ചില്ലയില്‍ 
ഊയാലിട്ടു ആടുവാന്‍ തീര്‍ക്കുമൂഞ്ഞാല്‍ 
----
ഈ മഴക്കാറുകള്‍ പെയ്തൊഴിഞ്ഞാല്‍  
പ്രിയന്‍ എന്‍ ചാരെയെതുമാ വേണുവൂതും 
നീല്‍ക്കടംബിന്റെ പൂവുകള്‍ ചേര്‍ത്ത് ഞാന്‍ 
കാര്‍ വര്‍ണ മേനിയില്‍ മാല ചാര്‍ത്തും 
-----
ഗോകുലമുനരുന്നതിന്‍ മുന്‍പ് നീ എന്റെ
ചാരെ വന്നെത്തിയോ നീ ചിരിച്ചോ 
തീരങ്ങള്‍ തെടുന്നോരോളതിന്‍ നാണമോ 
നിന്‍ മിഴി പീലികള്‍ ഒന്നിടഞ്ഞോ
----
താരങ്ങള്‍ പൊഴിയുന്ന രാത്രിയില്‍ ഞാന്‍ നിന്റെ 
ഓടക്കുഴല്‍ നാദം കേട്ടിരുന്നു
കേള്‍ക്കവേ പൂവിതള്‍ പോലവേ നീ എന്റെ 
മാലയില്‍ ചേരുവാന്‍ ആഗ്രഹിച്ചോ 

കണ്ണിണതന്‍ വാതില്‍ ചാരി 
നീ ഉറങ്ങവേ 
കണ്ടുണരാന്‍ എന്ത് വേണം 
ഇന്ന് പുലരവേ - കണി 
കണ്ടുണരാന്‍ എന്ത് വേണം 
ഇന്ന് പുലരവേ
നിന്‍ ചിരി പൂ പുഞ്ചിരി 
തേന്‍ ചോരുമ ചിരി 
കണ്‍ നിറയെ കാണുവാന്‍ 
ഞാന്‍ എന്ത് നല്‍കണം - എന്‍
കണ്‍ നിറയെ കാണുവാന്‍ ഞാന്‍ എന്ത് നല്‍കണം 
------
ഇങ്കു നല്‍കിടാം പൊന്നുമ്മ നല്‍കിടാം 
ഇന്കിനായി പാല്‍ കുരുക്കും 
ചന്ദിരനെ നിന്‍ 
കുഞ്ഞു കൈ കുടന്നയില്‍ ഞാന്‍ 
എന്നും ഏകിടാം
----
നീ വളര്‍ന്നിടെ ഒരു നൂറു നന്മകള്‍ 
ചേര്‍ന്ന് നിന്റെ നാളെകള്‍ക്കു 
ദീപമായിടാന്‍ 
നിന്‍ വഴിക്ക് കാവലായി 
ഞാന്‍ നടന്നിടാം 
മുപ്പതു നോമ്പും പിടിച്ചു 
മുത്ത്‌ പോല്‍ മനം തെളിച്ചു 
പതരമാട്ടൊത്ത തങ്കം ആയൊരു പെണ്ണ് 
അവളുടെ ചന്ത മേറെ കണ്ടു ഞാനും 
ചിന്തയിലാണ്ടു
-----
ചന്ദനം തോല്‍ക്കും നിറവും 
മുന്നഴകും പിന്നഴകും 
ഇമ്ബമേരും തെന്മോഴിയും 
സ്വന്തമായുല്ലോള്‍ 
ചിരിയുടെ തെനലയാല്‍ 
ഏറു കൊണ്ടതെട്ടു ഞാന്‍ വീണു
-----
ഇല്ലിത് പോല്‍ പെണ്ണൊരുത്തി
ഈ ദുനിയവിനക്ല്‍ എങ്ങും 
ഇല്ലിതുപോള്‍ ചന്തമേറും 
സുന്ദരിപ്പൂവ്‌
അവളുടെ ചന്തമേരെ കണ്ടു ഞാനും 
ചിന്തയിലാണ്ടു
കൊഞ്ചുന്ന തത്തയ്ക്ക് പതിനഞ്ചു പ്രായം 
മൊഞ്ചുള്ള പതിനാലാം രാവിന്റെ നാണം 
മെല്ലെ കടക്കന്നാല്‍ നോക്കുന്ന നേരം 
ഖല്ബിന്‍ അരവന മുട്ടിന്റെ താളം 
---
നിന്ന്ന്നോത്ത്ത പെണ്ണില്ല ചേലൊത്ത കണ്ണേ 
പച്ച കരിമ്പ്‌ ആണ് നീ എന്റെ പെണ്ണെ
നീയെന്റെ ഇണയായി ചേരുമോ കണ്ണേ 
മഹറായി മൂടിടാം പൊന്നിനാല്‍ നിന്നെ
----
ഓര്‍കുന്നു ഞാന്‍ ഇന്നും ആ മഴക്കാലം 
ഓതും കഴിഞ്ഞന്ന് പോയൊരു നേരം 
ഒരു കുടക്കീഴില്‍ നാം നീങ്ങുന്ന നേരം 
അസ്സര്‍ മുല്ല പൂത്ത പോല്‍ മണമായിരുന്നു 
പറയുന്നു ഞാന്‍ ഇന്ന് പലതുമേറെ
പണ്ട് പറയാതിരുന്നതാണതിലുമേരെ
പലകുറി ചിന്തിച്ചു മിഴികളാല്‍ 
നിന്നോട് 
പറയാതെ പറഞ്ഞു ഞാന്‍ എത്രയേറെ
-------------
ഇനി നിന്റെ നിശ്വാസ തെന്നലാല്‍ 
ഇന്നെന്നില്‍ 
ഉണരട്ടെ നീര്‍മാതളങ്ങള്‍ 
നിമി നേരമെങ്കിലും നിന്നോട് ചേര്‍ന്ന് ഞാന്‍
അറിയട്ടെ എന്നിലെ എന്നെ
------------------
പറയാതെ പോയതെന്‍ പവിഴാധരങ്ങളില്‍ 
വിടരുന്നു വിലസുന്നു മലരായ് 
മറവിയില്‍ മായാത്ത മധുരാഗമിനിയെന്നില്‍ 
നിറയട്ടെ നീയെന്ന നിറവായ്‌ 

4/12/2012

വിഷു കൈനീട്ടം

ഓരോ വിഷുക്കാലവും എന്നെ ഓര്‍മിപ്പിക്കുന്നത്‌ , ആ വിഷു കൈ നീട്ടത്തെ കുറിച്ച് ആണ് . ഓരോ വര്‍ഷവും വിഷു തലേന്ന്, മീനവെയില്‍ ഏറ്റു ഉണങ്ങിയ ചപ്പിലകള്‍ കരിക്കുന്നതിന്റെ കൂടെ ആ ഓര്‍മയും കരിച്ചു കളയണം എന്നുണ്ട് പക്ഷെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ഓര്‍മയിലേക്ക് വരുന്ന ആ വിഷു കൈനീട്ടം അന്ന് എന്നെ ചെറുതായി കരയിച്ച്ചിടുണ്ട്; ഇപ്പോള്‍ ഒരു ചെറു ചിരിയാണ് വരുന്നത് . വര്‍ഷങ്ങള്‍ക് മുന്‍പ്
അച്ഛന്റെ രണ്ടാമത്തെ അനിയന്റെ, സുപ്രന്‍ ചിറ്റപ്പന്റെ കല്യാണം കഴിഞ്ഞിടുള്ള ആദ്യത്തെ വിഷു ..
കുറച്ചു ദിവസമായി അച്ഛന് സുഖമില്ല എന്ന് അറിയാവുന്നത് കൊണ്ട് , അമ്മ അടുക്കളയില്‍ ഇരുന്നു കരയുന്നത് എന്തിനാണ് എന്ന് ഞാന്‍ ചോദിച്ചില്ല. എന്നാലും അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു. ആ വിഷു ഞങ്ങള്ക് കണിയും , സദ്യയും ഇല്ലാത്ത ഒന്നാണ് എന്ന് അറിയാമായിരുന്നു. എന്നാലും ചുട്ടുവട്ടത്തൊക്കെ ഉയര്‍ന്നു തുടങ്ങിയ പടക്കത്തിന്റെ ശബ്ദം എന്നെ ചെറുതായി സങ്കടപെടുത്താന്‍ തുടങ്ങി .. എന്നാലും അച്ഛനോടും അമ്മയോടും ഒന്നും പറഞ്ഞില്ല .. പതുക്കെ തറവാട്ടിലേക്ക് നടന്നു...
അവിടെ എല്ലാവരും ഉണ്ടായിരുന്നു .. തൊടിയിലെ ആഞ്ഞിലിയുടെ ചോട്ടില്‍ ചപ്പിലകള്‍ അടിച്ചു കൂട്ടി , വിഷുക്കരിക്കലില്‍ ആയിരുന്നു അച്ച്ചമ്മ. .. കൂടെ അച്ഛന്റെ തൊട്ടിളയ അനിയന്റെ മോന്‍ ഹരിയും ഉണ്ട് .. ഞാനും അവരോടൊപ്പം കൂടി .. വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് മാത്രം ..!
തറവാട്ടില്‍ വാങ്ങി വെച്ചിട്ടുള്ള പടക്കവും, പൂത്തിരിയും മറ്റും കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചെറുതായി നിറഞ്ഞു തുടങ്ങി ... വീടിലെക് തിരിച്ചു പോകാന്‍ തുടങ്ങിയപ്പോഴാണ് , സര്‍പ്പകാവിനപുരം ഉള്ള ഇടവഴിയിലൂടെ ആരൊക്കെയോ നടന്നു വരുന്നത് കണ്ടത്. ..
സുപ്രന്‍ ചിറ്റപ്പന്റെ ഭാര്യ വീട്ടില്‍ നിന്നും , അച്ഛനും, അമ്മയും, അളിയനും ഒക്കെ ഉണ്ട് ..
പലപ്പോഴും ആള് കൂടുന്നിടത്തൊക്കെ വെച്ച് അച്ചാമ്മയും , ചിറ്റപ്പന്മാരും വഴക്ക് പറഞ്ഞിട്ടുള്ളത് കൊണ്ട് , ( അതിനു അവര്‍ പറയുന്ന കാരണങ്ങള്‍ ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല) എത്രയും പെട്ടെന്ന് അവിടെ നിന്ന് പോകാന്‍ തുടങ്ങിയതായിരുന്നു ഞാന്‍ .. പക്ഷെ , കിട്ടാന്‍ പോകുന്ന ഒരു വിഷു കൈനീട്ടം എന്നെ അവിടെ പിടിച്ചു നിര്‍ത്തി , പുതിയ വിഷു ആയതു കൊണ്ട് സുപ്രന്‍ ചിറ്റപ്പന്റെ അളിയന്‍, സുനി വിഷു കൈനീട്ടം തരും എന്ന് എനിക്ക് ഉറപ്പായിരുന്നു . ( പൊട്ടിക്കാന്‍ ഉള്ള പടക്കവും , പൂത്തിരിയും , പാവം ഈ മൂന്നാം ക്ലാസുകാരനെ പ്രലോഭിപ്പിച്ചു ..) .. മടിച്ചു മടിച്ചു ആണെങ്കിലും അവിടെ തന്നെ നിന്നു.. ഇടയ്ക്കു എപോഴോ അച്ച്ചമ്മ കൊണ്ട് വന്നു തന്ന ചായ കുടിച്ചു... ഇറങ്ങാന്‍ നേരം ആണ് ആണ് സുനി അമ്മാവന്‍ എന്റെയും ഹരിയുടെയും അടുത്തേക്ക് വന്നത് . .. ഹരിയുടെ കയ്യില്‍ ഒരു അഞ്ചു രൂപ നോട്ടു കൊടുത്തിട്ട് .. സുനി അമ്മാവന്‍ പതുക്കെ തിരിച്ചു നടന്നു.. നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചു കൊണ്ടാണ് വീട്ടിലേക്കു ചെന്നത്. കാര്യം പറഞ്ഞപ്പോള്‍ ഇത്ര വലിയ കുട്ടികള്‍ കരയുന്നോ എന്ന് ചോദിച്ചു അച്ഛനും അമ്മയും ഉറക്കെ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി ..
( അന്ന് അവര്‍ ഉള്ളില്‍ കരയുകയായിരുന്നു എന്ന് എനിക്ക് വര്‍ഷങ്ങള്‍ക് ശേഷം ആണ് മനസിലായത് )
പിറ്റേന്ന് കണി കാണാതെ വിഷു പുലര്‍ന്നപ്പോള്‍ അച്ഛന്‍ എന്റെ കയ്യില്‍ ഒരു അഞ്ചു രൂപ തന്നു.... വലിയ കുട്ടികള്‍ കരയരുത് എന്ന് അച്ഛനും അമ്മയും തലേന്ന് പറഞ്ഞിട്ട് കൂടി ഞാന്‍ അപ്പോള്‍ വിതുമ്പി കരഞ്ഞു.... !!

1/31/2012

യാ അല്ലാഹ്
ശവപറമ്പിൽ
പുല്ലും ചെടിയും വളരും
അസ്ഥിമാടങ്ങളിൽ
പുഷ്പങ്ങൾ വിരിയും
മഴയായ്,
വെളിച്ചമായ്,
അല്ലാഹു നമ്മെ
ആലിംഗനം ചെയ്യും..
________________കമലാ സുരയ്യ



ഇനി ഞാന്‍ ജീവിക്കുക നിങ്ങളുടെ ഓര്‍മകളില്‍ ആണ് .......
ഞാന്‍ ഉറങ്ങിയ മണ്ണിനു സമീപം 
എനിക്ക് കാണാന്‍ കഴിയുന്നത്‌ എന്നെ മാറോട് ചേര്‍ക്കാന്‍ വന്ന
സര്‍വ കാരുണ്യവാന്റെ പ്രഭാവലയം ആണ് 
എനിക്ക് അറിയാം നിങ്ങളില്‍ ചിലര്‍
മീസാന്‍ കല്ലുകളും മൈലാഞ്ചി ചെടിയും 
മറ്റു ചിലര്‍ മുളപൊട്ടിയ നവ ധാന്യങ്ങളും , തുളസി ചെടിയും 
ഇനിയും ചിലര്‍ പള്ളിപ്പറമ്പില്‍ നിരന്നു നില്‍കുന്ന കുരിശും , വാടി തുടങ്ങിയ ആസ്ട്രെസ്സ് 
പുഷ്പങ്ങളും കാണുന്നു എന്ന് 
എങ്കിലും .. ഞാന്‍ പറയട്ടെ .. ഇവിടെ ഈ ലോക നാഥന്റെ അടുത്ത് 
ഞങ്ങളില്‍ ആര്‍കും മതമില്ല ... ഇവിടെ എല്ലാം ഒന്ന് ..!!
എന്റെ വിശ്വാസത്തിന്റെ പേരില്‍ എന്നെ ക്രൂശിച്ചവരോട് ഞാന്‍ പറയട്ടെ
എങ്ങിനെയും വിശ്വസിക്കാം , പക്ഷെ വിശ്വാസം ഉണ്ടായിരിക്കണം 
ഈ പ്രപഞ്ച നാഥന്റെ അടുത്ത് വര്‍ണ, വര്‍ഗ്ഗ, മത , ജാതി, ലിംഗ , വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ല
ഇവടെ സ്നേഹം മാത്രമേ ഉള്ളൂ...... 
എനിക്കും എന്റെ പ്രണയത്തിനു നേരെയും കല്ലെരിഞ്ഞവരോട് ഞാന്‍ പറയട്ടെ , 
ഞാന്‍ ഇപ്പോഴും പ്രണയിക്കുകയാണ്‌ .. പ്രണയം എന്നാല്‍ സ്നേഹം ആണ് , കാമം അല്ല എന്ന്
തിരിച്ചറിവുള്ള ഈ ലോകത്ത് എന്റെ പ്രണയത്തെ ആരും ക്രൂശിക്കുന്നില്ല..
ഇവിടെ സ്നേഹം മാത്രമേ ഉള്ളൂ
..................ലാല്‍ജി അരവിന്ദന്‍....................