8/22/2012

തുടക്കത്തിലേ പറഞ്ഞു കൊള്ളട്ടെ , ഇതും മണ്ണും, മഴയും തന്നെ തന്ന ഓര്‍മ്മകള്‍ ആണ്....കൊയ്തൊഴിഞ്ഞ പാടത്തെ ചേറ്റു മണമുള്ള ; പറമ്പില്‍ നിന്ന്, ഓണമുണ്ണാന്‍ കാലേ കൂട്ടി കണക്കാക്കി നട്ട് നനച്ച പച്ച കറികള്‍ വിളവെടുക്കുമ്പോള്‍ ഉണ്ടാകുന്ന മണ്ണിന്റെയും , പച്ച പയര്‍ വള്ളിയുടെയും മണമുള്ള ഓര്‍മ... 
ഇന്ന് വൈകിട്ട് ചെറിയ ഒരു ഷോപ്പിംഗ്‌ കഴിഞ്ഞു ഞാനും ഭാര്യയും വീടിലേക്ക്‌ വന്നു കയറുമ്പോള്‍ കണ്ടു , ഇളം തിണ്ണയില്‍ അമ
്മയോട് കുശലം പറഞ്ഞിരിക്കുന്ന കുഞ്ഞു പെണ്ണിനെ ... വാര്‍ധക്യത്തിന്റെ വയ്യായ്ക ഉണ്ട് എന്ന് പറയുമ്പോഴും മണ്ണിന്റെ മനസ്സറിഞ്ഞു പണിയെടുത്ത മേനിക്ക് ഇനിയും വേണമെങ്കില്‍ ഒരൂണിനുള്ള നെല്ല് കുത്തി അരിയാകാം എന്ന് പറഞ്ഞു തെളിഞ്ഞു ചിരിക്കുന്ന കുഞ്ഞു പെണ്ണ് ....
പ്ലാസ്റ്റിക്‌ കാരി ബാഗില്‍ അല്പം വാടിയ പച്ചക്കറി കണ്ടു കുഞ്ഞു പെണ്ണ് എന്റെ ഏഴു മാസം പ്രായം ഉള്ള മകനോടെന്ന പോലെ പറഞ്ഞു ..
" അന്ന് മോന്റെ അച്ഛന് വേണ്ടി ഈ അമ്മൂമ്മയോക്കെ ചേര്‍ന്ന് പറമ്പില്‍ ഉണ്ടാക്കിയിരുന്നു ഇതൊക്കെ .."
അത് ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ് .....
പാട്ടത്തിനു എടുത്ത ഒരു തുണ്ട് ഭൂമിയില്‍ അച്ഛനും അനിയന്മാരും ചേര്‍ന്ന് നെല്ല് വിതച്ചിരുന്നു അന്ന്... കുറച്ചു നാള്‍ ഉണ്ണാന്‍ ഉള്ളത് മാത്രം ..അല്‍പ നേരം കൊണ്ട് മാത്രം കൊയ്ത്തു തീരുന്ന ആ കൊയ്ത്തു പാടത്ത് കുഞ്ഞു പെണ്ണും പിന്നെ ഒന്നോ രണ്ടോ പേര്‍ തീര്‍ന്നു ..
മുറ്റത്ത്‌ വലിയ ചെമ്പില്‍ നെല്ല് പുഴുങ്ങുന്നതിന്റെ മണം... ഓര്‍മയില്‍ ആ സുന്ഗന്ധം മാത്രം ...!
വടക്കേ പറമ്പിലെ പയറു പറിക്കുന്നത്‌ ഓണത്തിന് രണ്ടു ദിവസം മുന്‍പാണ്‌ ... പൂരാടതിന്റെ അന്ന് .
നേര്‍ത്ത വെയിലും , ചെറു ചാറ്റല്‍ മഴയും ഏറ്റു അച്ഛനോടൊപ്പം , കുഞ്ഞു പെണ്ണും, കുഞ്ഞു പെണ്ണിന്റെ മോന്‍ ശശിയും ചേരുന്നു പയറു പറിച്ചു കൂട്ടും ...
............
വീട്ടിലേക് ഉള്ളതും, പപ്പടത്തിനു ഉള്ളതും കഴിച്ചു - പപ്പടത്തിനു ഉള്ളത് എന്ന് പറയുമ്പോള്‍ , പപ്പടം ഉണ്ടാകുന്ന ജാനു അമ്മക് പൈസ വേണ്ട പകരം പയര്‍ മതി .. ഒരു തരം ബാര്‍ട്ടര്‍ സമ്പ്രദായം ...- ബാക്കി പയറും , കുറച്ചു തേങ്ങയും അത്രോയൊക്കെ മതിയായിരുന്നു ഓണത്തിന് ഉള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍
അത്തത്തിനു മുന്‍പേ എത്തും കുഞ്ഞു പെണ്ണും മോനും , ശശി ചേട്ടന്‍ മുറ്റം ചെത്തി മിനുക്കും .... പിന്നീട് വീട് മാറിയിട്ടും ഇല്ലാത്ത മുറ്റം ചെത്താന്‍ ശശി ചേട്ടന്‍ വരും .. തന്റെ തൂമ്പ കൊണ്ട് ശശി ചേട്ടന്‍ ഒരു കോരി മണ്ണ് മാറ്റി ഇട്ടാല്‍ മതി ... ഒരു തെളിച്ചം ആണ്... ഓണം എത്തി എന്ന് വിളിച്ചു പറയുന്ന ഒരു മുഖം മിനുക്കല്‍ തന്നെ ആണ് അത് ...
കുഞ്ഞു പെണ്ണ് ഭാഗ്യവതി ആണ് , ആവുന്ന കാലത്തോളം പണിയെടുത്തു .. അതും മണ്ണില്‍ ...! പലരെയും തന്റെ വിയര്‍പ്പു കൊണ്ട് അന്നമൂട്ടി.. കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പ് മകന്‍ പറഞ്ഞു " കുറെ നാള്‍ പണിയെടുത്തില്ലേ..ഇനി അമ്മ ചുമ്മാ ഇരിക്ക് " ഇപോ സ്വസ്ഥം ഗൃഹ ഭരണം
കുറച്ചു നേരം ഇരുന്നു നാട്ടു വിശേഷവും , വീട്ടു വിശേഷവും ... ഓണ കഥകളും പറഞ്ഞിട്ട് പതുക്കെ എഴുനേറ്റു നടന്നു. കൊയ്തൊഴിഞ്ഞു വെറും ചതുപ്പ് ആയി മാറിയ പാട വരമ്പും കടന്നു ...ഇടതോടിനു കുറുകെ ഒരു തെങ്ങ് വെട്ടിയിട്ട് ആരോ തീര്‍ത്ത പാലം കേറി വാര്‍ധക്യം തളര്‍ത്താത്ത മനസ്സും ശരീരവും ആയി കുഞ്ഞു പെണ്ണ് നടന്നു ....
പോകുന്നതിനു മുന്‍പ് അമ്മയോട് പറയുന്നത് കേട്ടു " സ്ഥലം കുറവാണ്..എന്നാലും കുറച്ചു ചീര എങ്കിലും നടു ..ഒന്ന് വിചാരിച്ചാല്‍ മതി ..മണ്ണില്‍ പണിയെടുത്താല്‍ മണ്ണ് തരും .."

No comments:

Post a Comment