9/17/2012

വക്ക് പൊട്ടിയ ഒരു വാക്ക്

മൊഴിയപ്പെട്ടു മൊഴിയാകും മുന്‍പേ
വക്കു പൊട്ടിയ ഒരു വാക്ക് 
പറയാതെ പോയതല്ല ഞാന്‍ 
ആരും കേള്‍ക്കാതെ പോയതും അല്ല 
അപൂര്‍ണമായത്‌ പൂര്‍ണത്തെ ഉള്‍ കൊള്ളാത്തത് കൊണ്ടാകാം 
അതിനുള്ളിലെ നൊമ്പരം ആരും അറിയാതെ പോയത് ......
ഇപ്പൊ എന്റെ നൊമ്പരം , എന്നെ കുറിച്ചല്ല 
നിന്നെ കുറിച്ചല്ല , നിങ്ങളെ കുറിച്ചല്ല 
ആ വാക്കിനെ കുറിച്ച് ആണ് ,
പൂര്‍ണത്തെ ഉള്‍ കൊള്ളാതെ പിറവി എടുക്കേണ്ടി വന്ന
ആ വാക്ക് .....
ആരെല്ലാം കേട്ടിട്ടും , അറിയാതെ പോയ
ആ വാക്ക് ....
തിരിച്ചെടുക്കാന്‍ കഴിയാത്തത് കൊണ്ട്
ആ വാക്കിനു തൊട്ടു മുന്‍പ്
ഒരു പൂര്‍ണ വിരാമം
നാളെ ആ വാക്ക് ഒരു കവിതയായ് മാറാം
എങ്കിലും
അപൂര്‍ണം പൂര്‍ണത്തെ പേറാത്തതിനാലെ ,
അന്നും ആ നൊമ്പരം അറിയാതെ പോകാം ....
ആരും അറിയാതെ പോകാം .....

വാക്കുകള്‍

2005 ഇല്‍ റോസ് മേരി യുടെ "വാക്കുകള്‍ ചേക്കേരുന്നിടം" എന്ന കവിത വായിച്ചു അതിനു എഴുതിയ ഒരു മറുപടി കവിത . ആത്മഗതങ്ങള്‍ ആണ് റോസ് മേരി കവിതകള്‍ .മരണത്തിലേക്ക് പോയ സഹോദരന്റെ ,പറയാന്‍ കഴിയാതെ പോയ വാക്ക് തേടുന്ന ആ കവിത " വാക്കുകള്‍ ചെക്കെരുന്നിടം" എനിക്ക് എന്ത് കൊണ്ടോ ഒരുപാടു ഇഷ്ടപ്പെട്ടു...

=========================

ഇതെന്‍റെ വാക്കുകള്‍ ആണ് 
ഒരു പഴയ ശിശിരത്തില്‍ 
റബ്ബര്‍ മര ക്കാടുകള്‍ ഹിമമനിഞ്ഞു നില്‍ക്
കവേ ,
കുപ്പായ കീശയിലെ ചൂള മരക്കായകളും
നേര്‍ത്ത പാല്‍ മണവും , ബാക്കി വെച്ച്
ചെറു കിളികള്‍ ചേക്കിറങ്ങും നേരം
കൊങ്ങിണി പൊന്തകളില്‍ ചേക്കേറിയ
എന്റെ വാക്കുകള്‍

ഇതെന്‍റെ വാക്കുകള്‍ ആണ്
പുരോഹിതന്റെയും , പരിചാരികയുടെയും
വാക്കുകള്‍ക്കുമപ്പുറം
മനസ്സിന്റെ താഴ്വരകളിലും
മരിച്ചവര്‍ക്ക് വിരുന്നൂട്ടുന്നിടത്തും
എന്റെ സഹോദരി തേടി നടന്ന
എന്റെ വാക്കുകള്‍

ഇതെന്‍റെ വാക്കുകള്‍ ആണ്
റബ്ബര്‍ മര കാടുകള്‍ക്കിടയിലൂടെ
സന്ധ്യ കടന്നു വരുമ്പോള്‍ മാത്രം
ചെക്കിരങ്ങാറുള്ള എന്റെ വാക്കുകള്‍
അടച്ചിട്ട ജാലക വാതിലും
ആളൊഴിഞ്ഞ ചെമ്മണ്‍ പാതകളും
ഇലപോഴിഞ്ഞ റബ്ബര്‍ മരക്കാടുകളും
മാത്രം കണ്ടു
എല്ലാ പുലരികളിലും ചെക്കേരുവാനും
സന്ധ്യകളില്‍ ചെക്കിരങ്ങാനും
കണ്ടു കൊതി തീരാത്ത
ഈ കുന്നുകളിലും , താഴ്വരകളിലും
ഒരു തെന്നല്‍ പോല്‍ -അലയുവാനും
മാത്രം വിധിക്കപ്പെട്ട എന്റെ വാക്കുകള്‍

ഞാന്‍ ഭയക്കുന്നു
മറവിയുടെ വൃക്ഷ ശിഖരം
എന്റെ സഹോദരിയുടെ ഓര്‍മയുടെ മേല്‍
മുറിഞ്ഞു വീഴുമോ എന്ന്
ഞാന്‍ ഭയക്കുന്നു
എങ്കില്‍............... ....... ................. എങ്കില്‍
എങ്ങനെ എനിക്ക്
താഴ്വാരത്തുംബികളുടെ ജീവിത കാലം അറിയാന്‍ കഴിയും ..?