11/27/2012

ആദ്യം എഴുതിയത് അവള്‍ക്കു വേണ്ടി ആണ് ... ഹൃദയത്തില്‍ നിന്നും നാല് വരി .. പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ച നാല് വരി പ്രണയ കവിത. അവള്‍ അത് വാങ്ങി വായിക്കവേ എന്റെ ഹൃദയം മിടിച്ചു വല്ലാതെ ..അവളുടെ മറുപടിക്ക് വേണ്ടി ...
" നന്നായിടുണ്ട് .. ഇനിയും എഴുതണം കേടോ. എന്തായാലും ഞാന്‍ ഇത് എടുക്കുവാ .. വീട്ടില്‍ എല്ലാരേം കാണിക്കാം .. അച്ഛനു കവിതയൊക്കെ വലിയ ഇഷ്ടാ ..."
മനസ്സില്‍ പൊട്ടാന്‍ നിന്നത
് ലഡ്ഡു എന്നാണ് ഞാന്‍ കരുതിയത്‌ പൊട്ടിയപ്പോള്‍ മനസിലായി അത് ചുമ്മാ എന്റെ മനസ്സ് നീറ്റിക്കാന്‍ ഒരു ഓലപ്പടക്കം ആയിരുന്നു എന്ന് ....
ചെയ്യാന്‍ പാടില്ലാത്തത് ചെയ്തപ്പോള്‍ ഒരു വിഷമം...വൈകിയില്ല ഒരു കടലാസില്‍ മാപ്പ് പറഞ്ഞു കൊണ്ട് അമ്മയ്ക്കും അച്ഛനും വേണ്ടി എഴുതി ..
" പഠിക്കുന്ന നേരത്ത് ഓരോന്ന് കുത്തി കുറിച്ചോണ്ട് ഇരിക്കും .. ഹും ..എന്തായാലും നന്നായി എഴുതിയിടുണ്ട്‌ .... പക്ഷെ ഇപ്പൊ ഈ എഴുത്തും കോപ്പും ഒന്നും വേണ്ട .. ഇരുന്നു പഠിക്കാന്‍ നോക്ക് ...."
ക്രിസ്മസ് നു ചേച്ചിക്ക് വേണ്ടി ഒരു കാര്‍ഡ്‌ അയച്ചു .. മനോഹരമായ രണ്ടു വരികള്‍ അതില്‍ എഴുതി ചേര്‍ക്കാന്‍ മറന്നില്ല ..
" ഡാ എനിക്ക് അത് ഒന്നും മനസിലായില്ല ..ഒരു മാതിരി സാഹിത്യം ......"
സങ്കടം സന്തോഷം ... അങ്ങിനെ ഒരുപാട് എഴുതി , ഏട്ടന്, കുറെ സംശയങ്ങളും ചോദ്യങ്ങളും ... മറുപടി ഇതായിരുന്നു
" നീ നല്ല ഒരു എഴുത്തുകാരന്‍ ആണ് ..."
അതോടെ നിര്‍ത്തി എന്ന് കരുതരുത് ..എഴുതി ....വീണ്ടും .. അയച്ചു കൊടുത്തു
അതിനു മാത്രം മറുപടി കിട്ടി
" പ്രസിദ്ധീകരണ യോഗ്യമാല്ലാത്തതിനാല്‍ ഇത് തിരിച്ചു അയക്കുന്നു ..."
പൊട്ടാന്‍ ഇനി ലഡ്ഡുവും ഓലപ്പടക്കവും ഇല്ലാത്തതു കാരണം ഞാന്‍ പേനക്ക് ക്യാപ് ഇട്ടു ..നിര്‍ത്തി .... ! ഇനി ഇല്ല ...:-)
"ഒരു ചാറ്റല്‍ മഴ വീണ പുലരി തേടി 
അണയാത്ത കുളിരിന്റെ കണിക തേടി 
ഇടയന്റെ പാട്ട് പോല്‍, ഒരു തെന്നലിന്‍ 
ഇടറാത്ത ശ്രുതി ചേര്‍ന്ന കുളിര് തേടി 
അണയുന്നു ഞാനുമെന്‍ പുലര്‍ സ്വപ്നവും 
...............
ഇരുള്‍ വീണ രാവുകള്‍ ഇതളൂര്‍ന്നു പോയ്‌ ..."
നിന്റെ പ്രണയത്തിന്റെ തുണ്ട് 
ഒരു നോട്ടത്തിലൂടെ 
എന്റെ മനസ്സിലേക്ക് ...
ഞാന്‍ കരുതി അത് മയില്‍‌പ്പീലിത്തുണ്ട് എന്ന്.

പുസ്തക താളുകള്‍ക്കിടയില്‍ 
പെരുകുന്ന
ഒരു മയില്‍ പീലിത്തുണ്ട് പോലെ
അതും പോകെ പോകെ പെരുകും എന്ന് ഞാന്‍ കരുതി ..

ദിവസങ്ങള്‍ , ആഴ്ചകള്‍ , മാസങ്ങള്‍ , വര്‍ഷങ്ങള്‍ ....
ഇനിയും പെരുകാത്ത ആ പ്രണയത്തിന്റെ പീലി
ഇടക്ക്ഇടയ്ക്ക് ഞാന്‍ ഇപ്പോഴും താലോലിക്കാറുണ്ട്...
പ്രണയം മരണമാണ് .. 
ജനനവും ആണ് 
എന്റെ മരണം 
നിന്റെ മരണം 
നമ്മുടെ ജനനം .....
കണ്ണിനു മുന്നിലേക്ക് വരുന്നതിനു മുന്‍പ് എന്റെ കാതിലേക് ആണ് അവള്‍ വന്നത് ഒരു കോഴിക്കോടന്‍ കൊഞ്ചലോടെ ..:-) വെറും ഒരു മിസ്സ്‌ കാള്‍ വഴി പരിചയപെട്ട ആ സൌഹൃദം ഏകദേശം രണ്ടു വര്‍ഷത്തോളം ഫോണ്‍ വിളി മാത്രം ആയി ഒതുങ്ങി നിന്നു. ഇടക് അവള്‍ ഒരു ഫോടോ അയച്ചു തന്നു ( ഫോടോ ഷോപ്പ് ഉള്ളത് കൊണ്ട് എന്റെ ഫോടോ അതിനു മുന്‍പേ ഞാന്‍ അയച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ ) അപ്പോള്‍ പറഞ്ഞു വന്നത് അവളുടെ ഫോട്ടോ. സീറോ സൈസ് എന്ന
 പേരില്‍ പുരുഷന്റെ കാഴ്ചാ ഭാഗ്യത്തിന് നേരെ കൊഞ്ഞനം കുത്തുന്ന ചില ഈര്‍ക്കില്‍ കൊലങ്ങള്ക് ഒരു അപവാദം ആയിരുന്നു അവള്‍ . പൂച്ച കണ്ണുള്ള , തട്ടം കൊണ്ട് മുടി മറച്ച ഒരു കൊച്ചു സുന്ദരി ..
പെട്ടെന്ന് ഒരു ദിവസം തിരുവനന്തപുരത്തേക്ക് അവള്‍ വരുന്നു എന്ന് പറഞ്ഞപോള്‍ എനിക്ക് സന്തോഷം തോന്നിയതിനു കാരണം , ഫോടോ അവളുടേത്‌ തന്നെ എന്ന് ഉറപ്പിക്കാമല്ലോ എന്നതിനാലാണ് ..
താമസ സ്ഥലത്തേക്ക് വരുത്താതെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കാണാം എന്ന് തീരുമാനിച്ചതും , കൂടെ രണ്ടു സുഹൃത്തുക്കളെ കൂടിയതും ആരാ , എന്താ എന്നൊക്കെ ഉള്ള പേടി കൊണ്ടാണ് എന്ന് നിങ്ങള്‍ വിചാരിക്കരുത് ... ചുമ്മാ അവന്മാരെ കൂടെ കൂട്ടി അത്രേ ഉള്ളൂ
സമയം 6.45 PM പരശുറാം വന്നു നിന്നു.. നല്ല തിരക്ക് .. പ്രധാന കവാടത്തില്‍ ഞങ്ങള്‍ മൂന്നു പേര്‍ . അവളെ കാത്തു നിന്നു .. എന്റെ കയ്യില്‍ അവള്‍ക് കൊടുക്കാന്‍ രണ്ടു കാട്ബരീസ് ( തുടക്കം മധുരം കഴിച്ചു കൊണ്ടാകട്ടെ) ...
അവള്‍ വന്നു ഫോട്ടോയില്‍ കണ്ടതിലും സുന്ദരി ..:-)
ആദ്യമായി കണ്ടതിന്റെ അപരിചിതത്വം തോന്നാത്തത് , ഫോണ്‍ വഴി ഒരുപാട് സംസാരിച്ചത് കൊണ്ടാകാം .. മിട്ടായി കൊടുത്തു ( മിട്ടായി കൊടുക്ക്‌ ആഘോഷിക്കൂ ..)
ഒട്ടും വൈകിയില്ല ..അവള്‍ എനിക്കും തന്നു .....ചേര്‍ന്ന് നിന്നു ഒരു ഉമ്മ
വിയര്‍ത്തു പോയി ഞാന്‍ .. ആ തിരക്കില്‍ ... ആരേലും കണ്ടാല്‍
അതെ സാധാരണ ഒരു ആണിന് ആരേലും കണ്ടാല്‍ ആണ് പ്രശ്നം .. ആരും ഇല്ലത്തപോള്‍ ആയിരുന്നേല്‍ ......അത് അവള്കും നന്നായിട്ട് അറിയാമായിരുന്നിരിക്കാം ..
ആണിന്റെ ഉള്ളില്‍ എപ്പോഴും ഉണ്ട് കള്ളത്തരം ..
നാളേക്കായി വിചാരപ്പെടരുത് എന്ന്
വേദപുസ്തകം 
നാളെക്കായി നീ എന്ത് കരുതി എന്ന്
വീടും വീട്ടാരും
നാടും നാട്ടാരും 
നാളുകളായി "നാളെ" കളെ കുറിച്ച് 
കേട്ടു, കേട്ടു കൊണ്ടിരിക്കുന്നു 
നാളെ അത് കേള്‍ക്കുമോ എന്ന് അറിയില്ല ..
വഴിയരികില്‍ നിന്ന് അവളോട്‌ "മന സമ്മതം "ചോദിച്ചു 
"നാളെ പറയാം എന്ന് അവളും പറഞ്ഞു ..
വേദ പുസ്തകം ഞാന്‍ മാറ്റി എഴുതി
"നാളേക്കായി വിചാരപ്പെടാന്‍ വേണ്ടി മാത്രം
നാളുകള്‍ കഴിഞ്ഞില്ല
നാളെയും ആയില്ല
ഞാന്‍ ഇന്നേ മരിച്ചു ..
വേദ പുസ്തകം വീണ്ടും ആരോ തിരുത്തി
നാളെക്കായി വിചാരപ്പെടരുത്
നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ .....
ആദര്‍ശ് ഏലിയാസിന്റെ ടൈം ലൈന്‍ . 
=============================

മാര്‍ച്ച്‌ മാസത്തിലെ അവസാനത്തെ ഞായറാഴ്ച ഉണര്‍ന്ന ഉടന്‍ ആദര്‍ശ് ഏലിയാസ് എന്ന ഞാന്‍ എന്‍റെ ഫേസ് ബുക്ക് തുറന്നു ലൈക്ക്കളും കമന്റുകളും, സുഹൃത്തുക്കളുടെ സ്റ്റാറ്റസ് അപ്ടെട്ടെസും നോക്കി. സാധാരണായി ഓര്‍മ തുണ്ടുകള്‍ സ്റ്റാറ്റസ് ആയി ഇടുന്ന എനിക്ക് അന്ന് അപ്ഡേറ്റ് ചെയ്യാന് ഒന്നും ഉണ്ടായിരുന്നില്ല .. അല്ലെങ്കിലും , അച്ഛന്റെയും അമ്മയുടെയും ഏക
 മകന്‍ ആയ എനിക്ക് "സഹോദര ദിനത്തില്‍ " എന്ത് ഓര്‍മത്തുണ്ട് ഉണ്ടാകാന്‍ ...
രണ്ടു ഫ്രണ്ട് റിക്വസ്റ്റ് ഉണ്ടായിരുന്നു അത് അക്സെപ്റ്റ് ചെയ്തു .കുറച്ചു സ്ടാടസുകള്ക്ക് കമന്റ് ചെയ്തു ..പെട്ടെന്ന് തന്നെ ലോഗ് ഔട്ട് ചെയ്തു എഴുന്നേറ്റു . ..
അര മണിക്കൂറിനകം പള്ളിയിലേക്കിറങ്ങി..കുര്‍ബ്ബാനകഴിഞ്ഞു വരുമ്പോള്‍ പതിവ് പോലെ പാതി വഴിയില്‍ വെച്ചു ആന്‍ മേരി യുടെ മുന്നില്‍ വണ്ടി നിര്‍ത്തി ..
" ടീ മേരി കുട്ടീ കേറിക്കോ ..നീ നടന്നു വിഷമിക്കണ്ട ..ഇചായനെ ചുറ്റി പിടിച്ചിരുന്നു അങ്ങ് പോകാം ..."
എല്ലാ ഞായറാഴ്ചയും മുടങ്ങാതെ കേള്‍ക്കുന്ന ചോദ്യം ആയതു കൊണ്ട് ചോദ്യം തീരുന്നതിനു മുന്നേ മറുപടി കിട്ടി ...
" നീ പോടാ പട്ടി...."
ഒട്ടും വൈകാതെ, ഒരു തെറ്റ് പോലും വരുത്താതെ , എല്ലാ ആഴ്ചയും പറയുന്ന മറുപടി ....
" നീ ആന്‍ മേരി അല്ലെടീ ...ആണ്‍ മേരിയാ ..അണ്ടി വെച്ച പെണ് ....."
വണ്ടി സ്റ്റാര്ട്ട് ചെയ്തു .. വീടിനു മുന്നിലെ കവലയില് "ലവന്മാര് " കൂടി നില്പ്പുണ്ടായിരുന്നു .. ഈ "ലവന്മാര് " എന്ന് പറയുമ്പോള്‍ ,സ്കൂളില് കൂടെ പഠിച്ച , വീടിന്റെ അടുത്തുള്ള കുറച്ചു പേര് . പത്തു കഴിഞ്ഞു നാട്ടില് ലോട്ട് ലൊടുക്കു പരിപാടിയുമായി കൂടി ഇരിക്കുന്ന "ലവന്മാര് " ഞായറാഴ്ച എവിടെയോകറങ്ങാന്‍ ഉള്ള പരിപാടി ആണ് ..
അവിടെയും രഥം അല്പ നേരം നിര്‍ത്തി ...
" ഡാ ആദര്‍ശേ , നീ വരുന്നോ ..? ചോദ്യം രതീഷിന്റെ വക .അല്ലേലും കൂട്ടത്തില്‍ നല്ലവന്‍ അവനെ ഉള്ളൂ
"എങ്ങോട്ടാ.?."
" ചുമ്മാ ഒരു കറക്കം... പിന്നെ മുല്ല പന്തല് ഷാപ്പില് ഒരു വിസിറ്റ് .."
" ഓ നിങ്ങള് വിട്ടോ ..ഞാനില്ല ..പഠിക്കാനുണ്ട് അളിയാ ..' അപ്പൊ ശരി .." ഞാന് വണ്ടി വീണ്ടും സ്റ്റാര്ട്ട് ചെയ്തു
പിന്നെ, ഇമ്മാതിരി അലംബുകള്‍ക്കൊപ്പം പോകാന്‍ ..അതും ഞാന്‍ ....
നേരെ വീട്ടിലേക്ക്.......വിശന്നിട്ടു വയ്യ
"സണ്ണി വന്നിടുണ്ട് ..നിന്നെ അന്വേഷിച്ചു വന്നതാ ..."
അപ്പത്തിനു മീതെ സ്റ്റൂ ഒഴിച്ച് കൊണ്ട് അമ്മ പറഞ്ഞു ..
"ഓ എന്താ പരിപാടി ?
"എന്തോ ഷോപ്പിംഗ് ആണ് എന്ന് തോന്നുന്നു ...രാവിലെ നിന്നേം കൂടി ഒബ്രോണ്‍ വരെ പോണം ന്നു പറഞ്ഞു വന്നതാ . നിന്റെ മുറിയില്‍ ഉണ്ട് .."
" ഛെ സണ്ണിച്ഛന്‍ എന്തിനാ എന്റെ റൂമില്....? അതും ഞാന്‍ ഇല്ലാത്തപ്പോ ..?
വേഗം എഴുനേറ്റു കൈ കഴുകി.
"അതിനു എന്താടാ നിന്റെചേട്ടന്‍ അല്ലെ ? അവന്‍ നിന്‍റെ റൂമില്‍ കയറുന്നതിനു എന്താ ..?
"ഓ ഒരു ചേട്ടന്‍ ...."
രാവിലെ തന്നെ ഓരോന്ന് ഇറങ്ങികോളും കുറ്റീം പറിച്ചു ..അച്ഛന്റെ ചേട്ടന്റെ മകന് ആണ് .ചേട്ടന്‍ ആണ് ..സമ്മതിച്ചു .എന്നും പറഞ്ഞു ഞാന്‍ ഇല്ലാത്തപ്പോ എന്റെ റൂമില്‍ കയറുന്നത് മര്യാദയാണോ?
കഷ്ടപ്പെട്ട് വരുത്തിയ ഒരു ചിരിയുമായി മുറിയിലേക്ക് ചെന്നു
"ആ നീ എത്തിയോ ? ഡാ നമ്മുക്ക് ഒന്ന് ഒബ്രോണ്‍ വരെ പോയാലോ ..? ഒരു ചെറിയ ഷോപ്പിംഗ് ..നിന്റെ സെലെക്ഷന്‍ സൂപ്പര്‍ ആണല്ലോ .. നീ കൂടെ വാ ,,"
"അയ്യോ ..അത് നടക്കില്ല അച്ചായാ . ഒരുപാട് പഠിക്കാന്‍ ഉണ്ട് "
" ഡാ നമുക്ക് പെട്ടെന്ന് തിരിച്ചു പോരാം .."
സണ്ണിച്ഛന്‍ വിടുന്ന ലക്ഷണം ഇല്ല
"ഓ ഞാന്‍ ഇല്ലസണ്ണിച്ഛ....ഒരുപാടു പഠിക്കാന്‍ ഉണ്ട് ... എത്ര പേപ്പര്‍ ആണെന്നോ എഴുതി എടുക്കാന്‍ ഉള്ളത് ..സപ്പ്ളി എഴുതി മടുക്കും .."
" അത് പിന്നെ പഠിക്കാന്‍ പോയാ പഠിക്കണം അല്ലാതെ പിന്നെ...." സണ്ണിച്ഛന്‍ പാതിയില്‍ നിര്‍ത്തി മുറിയില്‍ നിന്ന് ഇറങ്ങി...
ഓ പിന്നെ , ഇവന്റെയൊക്കെ പറച്ചില് കേട്ടാല്‍ തോന്നും പഠിച്ചു അങ്ങ് വലിയ പുള്ളി ആയി എന്ന് . ഞാന്‍ വാതില്‍ അടച്ചു. ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്തു
സഹോദര ദിന സന്ദേശങ്ങളും , ഇമേജ് കളും കൊണ്ട് നിറഞ്ഞ ഒരു ഫേസ് ബുക്ക് ദിനം . എത്ര ആലോചിച്ചിട്ടും നല്ല ഒരു സ്റ്റാറ്റസ് മെസ്സേജ് മനസിലേക്ക് വരുന്നില്ല . ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി .
" നിനക്ക് അവന്റെ കൂടെ ഒന്ന് ചെല്ലാമായിരുന്നില്ലേ ..?"
ഇതാണ് കുഴപ്പം . അമ്മക്ക് എന്നെ കണ്ടാല്‍ അപ്പൊ തുടങ്ങും . . അങ്ങിനെ പാടില്ലായിരുന്നോ , ഇങ്ങിനെ പാടില്ലയിരുണോ .. നൂറു ചോദ്യങ്ങള് ആണ് അമ്മയ്ക്ക് . അച്ഛന് പിന്നെ എന്നെ കാണുമ്പോഴേ പുച്ഛം ആണ് .സപ്പ്ളി എന്ന ഒരേ ഒരു കാരണം ആണ് ഈ പുച്ച്ചതിനു കാരണം എന്ന് എനിക്ക് അറിയാം .. ഉപദേശം .. ചോദ്യങ്ങള്‍ .. അല്ലെങ്കിലും മക്കളോടുള്ള ഈ സമീപനം തന്നെ മാറേണ്ടത് . ആണ് എന്ത് ചെയ്യണം എന്നും ചെയ്യരുത് എന്നും ഈ പ്രായത്തില് ഇവര് പറഞ്ഞിട് വേണോ മനസ്സിലാക്കാന്‍ .. പരീക്ഷ എഴുതിയാല് കുറച്ചു പേര് തോല്ക്കും , കുറച്ചു പേര് ജയിക്കും . തോല്ക്കുന്നത് അത്ര മോശം ഒന്നും അല്ല എന്ന് ഇവര് എന്നാണാവോ മനസിലാക്കുന്നത് ..ഇത് കൂടാതെ കുറെ ബന്ധുക്കളും ..എന്റമ്മോ ..മടുത്തു .നമ്മുടെ സമൂഹം തന്നെമാറേണ്ടിയിരിക്കുന്നു ... എന്ത് ചെയ്യാം എനിക്ക് ഒറ്റക് അതൊന്നും കഴിയില്ലല്ലോ . ഞാന്‍ വീണ്ടും മുറിയിലേക്ക് കയറി . മനസ്സില്‍ വന്ന സ്റ്റാറ്റസ് മെസ്സേജ് കൊണ്ട് ഫേസ് ബുക്ക് അപ്ഡേറ്റ് ചെയ്തു .
**************************
അച്ഛന്‍ , അമ്മ, സഹോദരങ്ങള് ,ബന്ധുക്കള് , സുഹൃത്തുക്കള് ... അവരുടെ സ്നേഹം , കരുതല് ഒരു മനുഷ്യനെ മനുഷ്യന് ആകുന്നതു ഇതൊക്കെ തന്നെ . എല്ലാ ദിവസവും നമ്മോടു ചേര്ന്ന് നില്ക്കുന്ന അവരെ ഓര്മ്മിക്കാന് ഒരു പ്രത്യേക ദിവസം വേണം എന്ന് എനിക്ക് തോന്നുന്നില്ല . എങ്കിലും അങ്ങിനെ ഒരു ദിവസം ആഘോഷിക്കപെടുമ്പോള് ഞാന് മാത്രം മാറി നില്ക്കുന്നില്ല എല്ലാ സുഹൃത്തുക്കള്കും എന്റെ ബ്രെതെഴ്സ് ഡേ ആശംസകള് "
*****************************
അപ്പോള്‍ താഴെ ഫോണ് റിംഗ് ചെയ്യുന്നത് കേട്ടു .
അല്പം കഴിഞ്ഞതും അമ്മ വിളിച്ചു
"ഡാ ആദര്‍ശേ , ദേ, വല്ല്യമ്മച്ചിക്ക് നിന്നോട് എന്തോ പറയാന്‍ ഉണ്ടെന്നു .."
ഞാന്‍ താഴേക് പോയില്ല ..ഫേസ് ബുക്ക് ടൈം ലൈനില് നിന്ന് കണ്ണെടുക്കാതെ വിളിച്ചു പറഞ്ഞു.
" അമ്മച്ചീ , ഞാന്‍ പഠിക്കുവാ , പിന്നെ വിളിച്ചോളാം എന്ന് പറ .."
അപ്പോഴേക്കും എന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് നു രണ്ടു ലൈക് കിട്ടി .. ഇനി വരാന്‍ പോകുന്ന ലൈക് കള്ക്കും കമന്റ്കള്ക്കും വേണ്ടി ഞാന്‍ കാത്തിരുന്നു , മുഖപുസ്തകത്തില് നിന്നും മുഖമുയര്ത്താതെ ....
ഇത് ഒരു നുണയാണ് . ഒരു നുണ കഥ .( ഈ നുണ പറയാന്‍ വേണ്ടി പേര് കടം എടുത്തതിനു എന്റെ പ്രിയ സുഹൃത്തുക്കള്‍ ആയ അനില്‍, രാമന്‍ , റിജാസ് , ജെറിന്‍ , സലിം .എന്നിവരോട് ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു ) 

"അത് പറ്റില്ല ..." അനില്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു . " ടൂര്‍ പോകുന്നെങ്കില്‍ അങ്ങോട്ട്‌ . അതെ ദിവസം.... അല്ലങ്കില്‍ നമ്മള്‍ പോകുന്നില്ല ".. എന്നത്തേയും പോലെ പറയാനുള്ളത് പറഞ്ഞതിന് ശേഷം അവന്‍ പെട്ടെന് തിര
ിഞ്ഞു നടന്നു . കഴിഞ്ഞു ..ഇനി അതില്‍ നിന്ന് ഒരു മാറ്റം ഇല്ല . അതിനു അവനു താല്പര്യം ഇല്ല
ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ആയ അവര്‍ ഏഴുപേര്‍ . അതായതു റിജാസ് , ജെറിന്‍ , അനില്‍ , കണ്ണന്‍ , രാമന്‍ , ജോസഫ്‌ , സലിം ; ഒരു ടൂര്‍ എന്ന് പ്ലാന്‍ ചെയ്തത് തന്നെ ,അവര്‍ പഠിക്കുന്ന കോളേജ് നു തൊട്ടടുത്ത ഉള്ള വിമന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ ടൂര്‍ പോകുന്നു എന്ന് അറിഞ്ഞത് കൊണ്ട് ആണ് . അവര്‍ പോകുന്ന ദിവസം ..അവര്‍ പോകുന്ന സ്ഥലം . അതിനിടയില്‍ വേറെ ഒരുദിവസം ആലോചിച്ചാലോ എന്ന സലിമിന്റെ ചോദ്യത്തിനുള്ള മറുപടി ആയിരുന്നു . അനില്‍ അപ്പോള്‍ പറഞ്ഞത് . അല്ലേലും അവന്‍ അത് എങ്ങിനെ സഹിക്കും . അവനു സ്വപ്‌നങ്ങള്‍ ഉണ്ട് ... അവന്റെ കാമുകി ആ കോളേജ് ഇല്‍ പഠിക്കുന്നത് കൊണ്ടും കോളേജ് ടൂര്‍ നു അവള്‍ ഉള്ളത് കൊണ്ടും അവനു സ്വപ്‌നങ്ങള്‍ ഉണ്ട് .. അവന്‍ പല വട്ടം പറഞ്ഞു കഴിഞ്ഞു .. ആ ദിവസം അതെ സ്ഥലം അത് കൊണ്ട് മാത്രം ആണ് അവന്‍ ഈ യാത്രക്ക് താല്പര്യം പ്രകടിപ്പിച്ചത് എന്ന് ..
"ശരി എന്നാല്‍ പിന്നെ അങ്ങിനെ ആകട്ടെ ..അതെ ദിവസം അതെ സ്ഥലം .." രാമന്‍ എല്ലാവവരോടുമായി പറഞ്ഞു
" പോകുന്നത് ഒക്കെ കൊള്ളാം..നാട്ടുകാരുടെ തല്ലു കൊള്ളാതെ . ഇത് പോലെ ഒക്കെ തന്നെ ഇങ്ങോട്ട് വരുമോ നീയൊക്കെ .?" - യാത്ര പോകുന്നു എന്ന് പറഞ്ഞപോള്‍ സ്നേഹ സമ്പന്നനായ മലയാളം സര്‍ ന്റെ ചോദ്യം . മറുപടി കൊടുത്തില്ല . സര്‍ പോയി കഴിഞ്ഞപ്പോള്‍ കൊഴിഞ്ഞു വീണ അതി മനോഹരമായ രണ്ടു മലയാളം പദത്തിനു പിതാവ് ജോസഫ്‌ ആയിരുന്നു .
" ഡാ പതുക്കെ .." രാമന്‍ പറഞ്ഞു
" ഓ പിന്നെ കേട്ടാല്‍ അയാള്‍ ഇപ്പൊ എന്നെ അങ്ങോടു ഒലത്തും ..!"
അല്ലേലും "ഒലത്താന്‍" നില്‍കുന്ന കുറെ ടീച്ചര്‍ നൊപ്പം ടൂര്‍ പോകുന്നതിലും നല്ലത് . കൂട്ടുകാര്‍ മാത്രം ആയിട് പോകുന്നത് ആയിരിക്കും . എന്തായാലും ഒരു വെള്ളിയാഴ്ച ദിവസം പുലര്‍ച്ചെ , അവര്‍ യാത്ര തിരിച്ചു . വിമന്‍സ് കോളേജ് സുന്ദരികള്‍ യാത്ര തിരിച്ച അതെ ദിവസം അതെ സമയം .
അവര്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ തന്നെ അവരും കഴിക്കാന്‍ കയറി .. സുന്ദരികള്‍ ഫോട്ടോസ് എടുത്ത ഇടങ്ങളില്‍ അവരുടെ ക്യാമറയും ചിത്രങ്ങള്‍ എടുത്തു. പക്ഷെ , സുന്ദരികളില്‍ ആരും അവരില്‍ ഒരാളെ പോലും മൈന്‍ഡ് ചെയ്തില്ല എന്നുല്ല്ല നഗ്ന സത്യം ഇടക് ഇടക് സലിം ഓര്‍മിപ്പിച്ചു (അത് അനിലിനോടുള്ള ഒരു പക പോക്കല്‍ അല്ലെ എന്ന് അവരില്‍ പലര്‍ക്കും തോന്നി എങ്കിലും ആരും ഉറക്കെ പറഞ്ഞില്ല ) ഇടക് എവിടെയോ വെച്ച് അവര്‍ സുന്ദരികളുടെ വണ്ടിയെ മറികടന്നു
അധ്യാപികമാരുടെ മുന്നില്‍ നല്ല പിള്ള ചമഞ്ഞു തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്ത കാമുകിയോട് ഉള്ള ദേഷ്യം അനില്‍ മറച്ചു വെച്ചില്ല ..
" അളിയാ എനിക്ക് ഇന്ന് രാത്രി ഒരു പെണ്ണിനെ വേണം .."
എതിര്‍ത്തവര്‍ ഉണ്ടായിരുന്നു എങ്കിലും , അനൂകൂല നിലപാട് എടുത്തവര്‍ തന്നെ ആയിരന്നു ഭൂരിപക്ഷം .. എങ്കിലും ആരും പിന്നെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല .. രാത്രി ..ചെറിയ തൂവല്‍ മഴ ..കൂടെ നല്ല മഞ്ഞും..
വഴിയരികില്‍ നിന്ന് ലിഫ്റ്റ്‌ ചോദിക്കുന്നത് രണ്ടു സ്ത്രീകള്‍ ആണ് എന്ന് ആദ്യം മനസിലായില്ല . ജെറിന്‍ വണ്ടി നിര്‍ത്തി .
സംസാരം ഇല്ല.. മുദ്രകള്‍ മാത്രം . ലിഫ്റ്റ്‌ വേണം . ഒരു സ്ത്രീക് ഒരു മുപ്പതു -മുപ്പത്തഞ്ചു വയസു പ്രായം വരും .. കാണാന്‍ തെറ്റില്ല ..മറ്റേ സ്ത്രീക് അല്പം പ്രായം ഉണ്ട് .
" കയറിക്കോ .." പറഞ്ഞത് അനില്‍ ആണ് - അവന്റെ മനസ്സില്‍ മാത്രം അല്ല ലഡ്ഡു പൊട്ടിയത് ..
സംശയം ഇല്ല രാത്രിയില്‍ , കുറച്ചു ആണ്‍കുട്ടികള്‍ മാത്രം ഉള്ള ഒരു വണ്ടിയില്‍ ധൈര്യ പൂര്‍വ്വം കയറിയ അവര്‍ " വില്പനക്കാര്‍ " തന്നെ ..
വഴി പറഞ്ഞതും അവര്‍ തന്നെ . അവരുടെ വീടിലെക് .. വണ്ടിയില്‍ ഉയര്‍ന്നു കേട്ടത് ഏഴു പേരുടെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം .
അവരുടെ വീട്ടില്‍ എത്തിയതും .. മഴക് ശക്തി കൂടി
" ഇന്ന് ഇനി ഈ രാത്രിയില്‍ യാത്ര വേണ്ട ഇവിടെ തങ്ങാം .. " മനസ്സില്‍ ഉണ്ടായ ചിന്തകള്‍ കോണ്ക്രീറ്റ് ഇടുന്ന വാക്കുകള്‍.
ധന്യ , അങ്ങിനെ ആണ് അവള്‍ പേര് പറഞ്ഞത് . പ്രായം ഉള്ള സ്ത്രീയുടെ പേര് ചോദിച്ചില്ല .
ധന്യ ഉണ്ടാക്കി തന്നെ ചൂട് ചായ കുടിച്ചു .
രണ്ടു മുറി തുറന്നു തന്നു .
" നിങ്ങള്‍ കിടന്നോളൂ. ഹസ് പുറത്തായത് കൊണ്ട് ഞാനും മാമിയും , അനിയന്റെ വീട്ടില്‍ ആണ് താമസം . ഇവിടെ അടുത്ത് തന്നെ ആണ് അനിയന്റെ വീട് "
ഒന്നും പറഞ്ഞില്ല .. പണി തീര്‍ന്നിട് അധികം ആകാത്ത , ഒട്ടും തന്നെ ഫര്‍ണിച്ചര്‍ ഇല്ലാത്ത ആ വീട്ടില്‍ ആരും ആരോടും ഒന്നും മിണ്ടാതെ കിടന്നു ഉറങ്ങാന്‍ ശ്രമിച്ചു .
പിറ്റേന്ന് കുളിയൊക്കെ കഴിഞ്ഞു ഇറങ്ങാന്‍ നേരം ധന്യ പറഞ്ഞു
" രാത്രി എന്റെ വീട്ടില്‍ നിന്നും തിരിച്ചു വരുന്ന വഴി മഴ പെയ്യാന്‍ പോകുന്ന കണ്ടിടാണ്‌ ലിഫ്റ്റ്‌ ചോദിച്ചത്.വണ്ടിയില്‍ ആരാണ് എന്ന് നോക്കിയത് കൂടിയില്ല . കൂടി വരുന്ന ഇരുട്ടും , പെയ്യാന്‍ പോകുന്ന മഴയും കണ്ടു പെട്ടെന്ന് വണ്ടിയിലേക്ക് കയറി . കയറി കഴിഞ്ഞപ്പോള്‍ ആണ് അതില്‍ ബോയ്സ് മാത്രമേ ഉള്ളൂ എന്ന് കണ്ടത് . പിന്നെ അതില്‍ n നിന്നും ഇറങ്ങാന്‍ നോക്കിയാല്‍ അവന്മാര്‍ കുഴപ്പക്കാര്‍ ആണ് എങ്കില്‍ പിന്നെ വണ്ടി നിര്‍ത്തില്ല . അത് കൊണ്ട് ഞങ്ങള്‍ കുഴപ്പക്കാര്‍ ആണ് എന്ന് കരുതിയാല്‍ പിന്നെ ഞങ്ങള്‍ പറയുന്നത് കേട്ടോളും എന്ന് തോന്നി "
ഏഴു പേരുടെ മുഖത്തും ഒരു ചെറു ചിരി വന്നു .. ഒരുമാതിരി ഒരു ചിരി
. കുളി ഒക്കെ കഴിഞ്ഞു ഇറങ്ങാന്‍ നേരം അവര്‍ ഒന്ന് കൂടി പറഞ്ഞു . അടുത്ത് തന്നെ ഒരു അപകടകരംമായ വളവു ഉണ്ട് .. ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ അപകടം ക്ഷണിച്ചു വരുത്തണ്ടാലോ എന്ന് കരുതി ആണ് രാത്രിയില്‍ അവിടെ താങ്ങാന്‍ പറഞ്ഞത് എന്ന് .
.......................................................................
സ്നേഹം എന്നുള്ളത് തികച്ചും ആപേക്ഷികമാണ് . ജീവിത സാഹചര്യങ്ങളാലും, ചിന്തകളാലും മാറ്റി മറിക്കപ്പെട്ടെക്കാവുന്ന ഒരു വികാരം . ഒരുപക്ഷെ , ഒരു ജീവിത കാലം മുഴുവന്‍ നമ്മിലേക് ഒരുപുഴ പോലെ ഒഴുകും എന്ന് കരുതുന്ന സ്നേഹം പോലും ഒരു നിമിഷം കൊണ്ട് വറ്റി വരണ്ടു പോയേക്കാം .. സ്നേഹം തികച്ചും ആപേക്ഷികമാണ് .. പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയാത്ത ഒന്ന് ...
ഇനിയൊന്നുറങ്ങട്ടെ ഇരുളിന്റെ മെത്തയില്‍ 
ഉണരുവാന്‍ കഴിയുമെന്നോര്‍ത്തു ഞാനും 
നാളെ ഞാന്‍ ഉണരുമ്പോള്‍ ചെയ്യുവാനാ -
യിട്ടൊരായിരം കാര്യങ്ങള്‍ നീ പറഞ്ഞു ...
ചെയ്യേണ്ടതോക്കെയും ഇന്നേ പറഞ്ഞു നീ 
പറയേണ്ടതൊക്കെയും നാളെയാക്കി...
ഉണരാതെ കഴിയില്ല ,ഉണരുമെന്നറിയില്ല ,
മരണമിന്നെങ്ങാനും വന്നു പോയാല്‍ ...
മെല്ലെ, പറയാതെ ഞാനും നടന്നു പോയാല്‍ ....
പറയാന്‍ കഴിയില്ല -തോര്‍ക്കണം , മരണമാ-
ണൊരു വാക്ക് മുന്നേ പറയുകില്ല ....
വിട ചൊല്ലി അകലാഞ്ഞതെന്തെന്നു ചോദിച്ചു
വെറുതെ കരഞ്ഞിടാമെന്നു മാത്രം ...
രണ്ടു നാള്‍ ചെല്ലുമ്പോള്‍ , പറയാതെ പോയൊരെന്‍
ഓര്‍മയെ നീയും വെറുത്തു പോകാം ...
എങ്കിലും .....
ഇനിയൊന്നുറങ്ങട്ടെ ഇരുളിന്റെ മെത്തയില്‍
ഉണരുവാന്‍ കഴിയുമെന്നോര്‍ത്തു ഞാനും
പഴയ രീതിയില്‍ പണിതീര്‍ത്ത അരമതിലും രണ്ടു പാളി കതകും ഒക്കെ ഉള്ള ഓടിട്ട ഒരു കൊച്ചു വീട് ...
ചുറ്റം വളര്‍ന്നു നില്‍കുന്ന മരങ്ങള്‍ ആകാശത്ത്ക്ക് വീശിയെറിഞ്ഞ ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന വെയില്‍ ... വൃശ്ചിക മഞ്ഞിന്റെ തണുപ്പ് വിട്ടു മാറാത്തത് കൊണ്ട് ആകണം ആ വെയില്‍ ചൂടിനും ഒരു നനുത്ത കുളിര് .. ദിവസങ്ങള്‍ ആയി അടിച്ചു തൂക്കാത്ത മുറ്റത്ത്‌ പടര്‍ന്നു തുടങ്ങിയ കറുക പുല്‍ നാമ്പുകള്‍ .. തൊട്ടടുത്ത പറമ്
പില്‍ നിന്നും പാറി വരുന്ന അപ്പൂപ്പന്‍ താടികള്‍ ...
ഏതൊക്കെയോ പേരറിയാത്ത പൂവുകളുടെ ഗന്ധത്തോടൊപ്പം , നല്ല നാടന്‍ മരച്ചീനി വേവിക്കുമ്പോള്‍ ഉള്ള ഗന്ധം
" എവിടെയോ ചേര ഓടുന്നുണ്ടാകും ..." അയാള്‍ പറഞ്ഞു
"ഉം.." ഞാന്‍ ഒന്ന് മൂളി .. പിന്നെ പതുക്കെ ആ വീടിട്നെ പൂമുഖത്തേക്ക്‌ കയറി .... അയാള്‍ തുറന്നു തന്ന മുന്‍ വാതിലിലൂടെ പതുക്കെ അകത്തേക്ക് കയറി .. ഒരു സ്വപ്നത്തിലേക്ക് പതുക്കെ കാല്‍ വെയ്ക്കുന്ന പോലെ .. ഓരോ മുറിയിലും കയറി.. അടച്ചിട്ട ജനല്‍ വാതിലുകള്‍ പതുക്കെ തുറന്നു ... കാലങ്ങളായി വാതില്‍കൊട്ടിയടച്ചു തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് കൊണ്ടാവണം . കാറ്റും ,വെളിച്ചവും ജന വാതില്കല്‍ വരെ വന്നെത്തി നോക്കിയിട്ട് , കയറാതെ തിരിച്ചു പോയി .. പഴകിയ ഒരു ഗന്ധം , മോക്ഷം കിട്ടാതെ അലയുന്ന ആത്മാവിനെ പോലെ അവിടെ എവിടെയോ ഒക്കെ തങ്ങി നിന്നു , പോകാന്‍ ഇടമില്ലാതെ ...

" ഓക്കേ ഇതുമതി . വാടകയും മറ്റും സംസാരിച്ചിട്ടു എന്നോട് പറയൂ ..." ഞാന്‍ അയാളോട് പറഞ്ഞിട്ട് ഇറങ്ങി ..

( സൌഹൃദങ്ങള്‍ ഉറങ്ങുന്ന വീട് ..)
വയലിനക്കരെ കാവില് 
തൊഴുതു വന്നൊരു സുന്ദരി 
വരമ്പിന്‍ ചെളിയില്‍ പുതഞ്ഞ കാലിലെ 
കൊല്ലുസ്സഴിഞ്ഞു പോയോ ......

ഇരുട്ടു മൂടുന്നു , ചിരിക്കെടീ 
നിന്റെ ചിരിച്ച മോറിന്റെ വെളിച്ചത്താല്‍ 
ഇരുട്ട് മാറിയാല്‍ കൊല്ലുസ്സു 
നോക്കാം ഞാന്‍ 
കരഞ്ഞിടെണ്ട കണ്ണേ ........

കവല ചുറ്റണ നേരത്ത്
നിന്റ പടിക്കല്‍ എത്തറ നാള് ഞാന്‍
കനവും കണ്ടങ്ങ്‌ കറങ്ങി എന്നത്
മരന്നിടെണ്ട പെണ്ണെ

കളഞ്ഞു പോയി നിന്‍ കൊല്ലുസ്സെടീ
കരളു പൊട്ടി നീ കരയല്ലേ
കനകം കൊണ്ടൊരു കൊല്ലുസ്സു ഞാന്‍ തരാം
കണവന്‍ ആയിടുമ്പോള്‍ - ഞാന്‍
നിന്റെ കണവന്‍ ആയിടുമ്പോള്‍ 
സാറ ജോസഫ്‌ - ആതി 
====================
ആദിയില്‍ രൂപപെട്ട ഒരു ഒരു ജനതയുടെ ജല ജീവിതം " ആതി" ഓരോ വാക്കുകളും , നമ്മുടെ മനസ്സില്‍ കുടഞ്ഞിടുന്നത് നാളെയെ കുറിച്ചുള്ള ആധി ... ഓര്‍മയില്‍ പണ്ടെങ്ങോ കണ്ടു മറന്ന തെളിനീര്‍ തടാകങ്ങള്‍ ... ആതി .. ഒരു ജനതയുടെ ജല ജീവിതം ... നാളേക്ക് ഒന്നും കരുതി വെക്കാതെ പ്രകൃതിയെ ഇന്നിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന ജനതയോട് " ആതി" ചോദിക്കുന്നു " അടങ്ങാത്ത വിശപ്പ് ഒടുക്കാന്‍ മക്കള
്‍ക്ക് ഉള്ളതും കൂടി വിളംബുമോ എന്ന്"? പ്രകൃതിയുടെ പൂജ മുറിയിലേക്ക് പുരോഹിതന്‍ വരുന്നത് സഞ്ചിയില്‍ നിറച്ച പല ദേവന്മാരോടൊപ്പം ... ഇഷ്ട രൂപ പ്രതിഷ്ഠ ... കുന്നു കൂടുന്ന സ്വര്‍ണവും പൈസവും ... അതിനു മുന്നില്‍ ദേവന് തന്നെ പോലും കാത്തു സൂക്ഷിക്കാന്‍ പറ്റാതെ വരുമ്പോള്‍ .. പൂട്ടി ബന്ധവസാക്കിയ മുറിയില്‍ തന്റെ ജനതയെ കാത്തു രക്ഷിക്കാന്‍ എങ്ങിനെ കഴിയും ....
അവര്‍ നല്ല പൊക്കാളി നെല്ലിന്റെ ചോറുണ്ടു ..മുങ്ങി തപ്പി എടുത്ത കക്കയും മീനും കറിയാക്കി ... തെളി നീര്‍ തടാകങ്ങളില്‍ മുങ്ങി നിവര്‍ന്നു ... ഒരു ജനതയുടെ ജല ജീവിതം .. നാളെയെ കുറിച്ചും പറഞ്ഞു വെക്കുന്നു സാറ ജോസഫ്‌ ..കുമിഞ്ഞു കൂടുന്ന മാലിന്യം ... ജലത്തിന് വേണ്ടി ഉള്ള യുദ്ധം .....
" ആതി " അതി മനോഹരമായ ഒരു നോവല്‍ .. ഒരു കവിത പോലെ .......അല്ല ., ഒരു തെളിനീര്‍ ഒഴുക്ക് പോലെ ... "ആതി" .
വായിച്ചു കഴിഞ്ഞു ഞാന്‍ " ആതി' യെ ഒന്ന് ചുംബിച്ചു ..പിന്നെ കണ്ണടച്ചു ഇരുന്നു .....
ഓര്‍മയില്‍ ഒരു ബാല്യം ... കര്‍ക്കിട മഴയില്‍ വെള്ളം മുങ്ങുന്ന, വെള്ളാമ്പല്‍ പൂക്കുന്ന ... പാടം ... പടിഞ്ഞാറെ മുറ്റത്ത്‌ വലിയ ചെമ്പ് കലത്തില്‍ പുഴുങ്ങുന്ന നെല്ലിന്റെ മനം മയക്കുന്ന ഗന്ധം ......
പ്രളയ ജലത്തിന് ശേഷം ആലിലയില്‍ ഒരു കുരുന്നു തമ്പുരാന്‍ ഒഴുകി വരും .. പുതിയൊരു ജനതക് വേണ്ടി ..അവര്‍.. ; ആ പുതിയ ജനത... തമ്പുരാനെ മനസ്സില്‍ പ്രതിഷ്ടിക്കും .. അവര്‍ നീര്തടാകങ്ങളില്‍ മുങ്ങി . ചെറു മീനും കക്കയും അന്നെക്കുള്ളത് മാത്രം വാരി എടുക്കും.. കൂട്ട് ചേര്‍ന്ന് വിളയിച്ച പൊക്കാളി നെല്ലിന്റെ ചോറ് ഉണ്ണും .. തെളി നീര്‍ തടാകങ്ങളില്‍ നിന്ന് വെള്ളം കോരി കുടിക്കും ... അവര്‍ക്ക് വേണ്ടി മഞ്ഞു കാലത്ത് മഞ്ഞും , മഴക്കാലത്ത്‌ മഴയും , വേനല്‍ കാലത്ത് വെയിലും ഉണ്ടാകും .. കൂരിരുട്ടില്‍ അവര്‍ ആരെയും പേടിക്കാതെ പാടത്തും പറമ്പിലും കിടന്നു ഇണ ചേരും ... ഒരു വെയില്‍ ഏറ്റാല്‍ വാടാത്ത , ഒരു മഞ്ഞോ മഴയോ കൊണ്ടാല്‍ പനിക്കാത്ത അവരുടെ കുട്ടികള്‍ .. പാടത്തും പറമ്പില്‍ നടന്നു തിമിര്‍ക്കും ..
"ആതി" വായിച്ചിരിക്കേണ്ട ഒരു നോവല്‍ ...
എത്ര മനോഹരം ആണ് വാക്കുകള്‍ മൊഴിയപ്പെടുമ്പോള്‍ , കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ .......
ഒറ്റ വാക്കില്‍ എഴുതേണ്ടുന്ന ഉത്തരം 
=================================
ഒരു ചോദ്യം 
ഒറ്റ വാക്കില്‍ ഉത്തരം എഴുതേണ്ടുന്ന 
ഒന്ന് 
ഉത്തരം ഉറങ്ങി കിടക്കുന്ന 
ആ ചോദ്യം 
നിനക്ക് വേണ്ടി തിരഞ്ഞെടുത്തത് 
ഞാന്‍ തന്നെ .. 

എനിക്കറിയാം
ഉത്തരം തേടി നീ അലയും...
ഇന്ന് മുഴുവന്‍ ..
പിന്നെ നാളെയും നാളെ കഴിഞ്ഞും
നീ അലയാതിരിക്കാന്‍
എന്നില്‍ നിന്ന് അകലാതിരിക്കാന്‍
ഉത്തരം ഉറങ്ങി കിടക്കുന്ന
ആ ചോദ്യം നിനക്ക് വേണ്ടി തിരഞ്ഞെടുത്തത്
ഞാന്‍ തന്നെ

ചോദ്യത്തില്‍ ....
എന്റെ മിഴിയില്‍ ....
മൊഴിയില്‍ ......
ഒക്കെതിലും ഉണ്ടായിരുന്നു
ആ ഒറ്റ വാക്കുത്തരം

എന്നിട്ടും
നീ പറഞ്ഞത്
കേള്‍ക്കാന്‍ രസമുള്ള
മറ്റെന്തൊക്കെയോ ആയിരുന്നു
മഴവില്‍ നിറമുള്ള
വാക്കുകള്‍........
പറയാതെ പോയത്
ആ ഒറ്റവാക്കുത്തരം

കഴിയാതെ പോയതോ ..?
പറയാതെ പോയതോ ..?
തോറ്റത് , നീ അല്ല
നിനക്ക് വേണ്ടി ചോദ്യം
തിരഞ്ഞെടുത്ത ഞാന്‍
കാരണം
എന്റെ മിഴിയില്‍ ....
മൊഴിയില്‍ ......
ഒക്കെതിലും ഉണ്ടായിരുന്നു
ആ ഒറ്റ വാക്കുത്തരം