8/17/2012

പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു തണുത്ത സന്ധ്യയില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന ഏതോ ഒരു പരിപാടിയില്‍ വെച്ചാണ്‌ ഞാന്‍ ആദ്യം ആ കുട്ടിയെ കാണുന്നത് ..! വളരെ മനോഹരമായി പാടുന്ന ഒരു ഏഴാം ക്ലാസുകാരി ..!ആഷ് നിറത്തില്‍ ഉള്ള മിഡിയും , വെളുത്ത നിറത്തില്‍ ഉള്ള ടോപ്പും അണിഞ്ഞ അല്പം ഇരു നിറത്തില്‍ ഉള്ള ഒരു കുട്ടി ... അന്ന് പ്രീ ഡിഗ്രി വിദ്യാര്‍ഥി ആയിരുന്ന എനിക്ക് ആ കാലയളവിനുള്ളില്‍ ഇഷ്ടം തോന്നിയ ഒരു പ
ാട് കുട്ടികള്‍ ഉണ്ടായിരുന്നു .. അത് കൊണ്ട് " ഇതാ നിന്റെ ജീവിതത്തിലേക്ക് വരാന്‍ പോകുന്ന കുട്ടി " എന്ന് മനസ്സു പറഞ്ഞപ്പോള്‍ ,"നിനക്ക് വീണ്ടും തുടങ്ങിയോടാ" എന്ന് ഞാന്‍ എന്റെ മനസിനോട് ചോദിച്ചു ..! വര്‍ഷങ്ങള്‍ പോകവേ ജീവിതത്തില്‍ , പലപ്പോഴും പലരോടും പ്രണയം തോന്നി... വിവാഹം എന്ന് ചിന്തിക്കുമ്പോഴൊക്കെ , പിന്നീടു ഞാന്‍ കണ്ടിട്ടില്ലാത്ത ആ പാട്ട്കാരി കുട്ടി " നീ എന്തിനാ കൂടുതല്‍ ചിന്തിക്കുന്നതും , കൂടുതല്‍ പേരെ നോക്കുന്നതും, ഞാന്‍ തന്നെ വരും നിന്റെ ഭാര്യ ആയിട്ട് " എന്ന് മനസില്‍ ഇരുന്നു പറഞ്ഞു ..!
അവിചാരിതമായിട്ടു വന്ന വിവാഹാലോചന , അത് അവളുടെ ആണ് എന്ന് അറിഞ്ഞപോള്‍ ആദ്യം തോന്നിയത് അത്ഭുതം ആയിരുന്നു , ജാതകം ചേരില്ല എന്ന് അറിഞ്ഞപോള്‍ തോന്നിയത് ചെറിയ ഒരു സങ്കടവും ... എങ്കിലും നഷ്ടപെട്ടതിനെ ഓര്‍ത്തു സങ്കടപ്പെടാന്‍ ഇഷ്ടം ഇല്ലാത്തതു കൊണ്ട് തന്നെ അത് മറന്നു...
പിന്നീട് , കഴിഞ്ഞതിന്റെ മുന്‍പത്തെ ഒരു ഓണക്കാലത്ത് , ഞങ്ങള്‍ കണ്ടു . വര്‍ഷങ്ങള്‍ക് ശേഷം , ഉള്ള ഒരു കൂടി കാഴ്ച എന്ന് പറയാന്‍ പറ്റില്ല. കാരണം അവള്‍ എന്നെ ആദ്യമായി കാണുകയായിരുന്നു ... ! കുറച്ചു നേരം സംസാരിച്ചു , തിരിച്ചു വീട്ടില്‍ എത്തിയ ഞങ്ങള്‍ രണ്ടു പേരും " ഇത് മതി" എന്ന് അന്ന് തന്നെ പറഞ്ഞു .. വിവാഹം ഉറപ്പിക്കുന്നതിനു മുന്‍പ് അവളുടെ അച്ഛന്‍ ചോദിച്ചു " കുട്ടിയെ കാണണ്ടേ? "
മറുപടി പെട്ടെന്നായിരുന്നു ' ഞാന്‍ കണ്ടിടുണ്ട് " പറ്റിയ അബദ്ധം പെട്ടെന്ന് തിരുത്തി " പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് "
ഇത് എഴുതാന്‍ കാരണം ആരുടെയോ ഒരു സ്റ്റാറ്റസ് മെസ്സേജ് ആണ് " ജീവിതത്തിലേക്ക് വരുന്ന കുട്ടിയെ ദൈവത്താല്‍ തീരുമാനിക്കെപെട്ടിടുന്ടെങ്കില്‍ , പിന്നെ മറ്റൊരാളെ പ്രണയിക്കാന്‍ ദൈവം എന്തിനു അവസരം ഒരുക്കുന്നു " എന്ന്
പ്രണയം ഓടുപാട് ഉണ്ടാകാം, പക്ഷെ അതിനൊക്കെ ഇടയില്‍ ദൈവം നമ്മെ കാണിച്ചു തരും " ദാ, ഇവള്‍ / ഇവന്‍ ആണ് നിന്റെ ജീവിതത്തിലേക്ക് വരാന്‍ പോകുന്നത് " എന്ന് ..

No comments:

Post a Comment