4/12/2012

വിഷു കൈനീട്ടം

ഓരോ വിഷുക്കാലവും എന്നെ ഓര്‍മിപ്പിക്കുന്നത്‌ , ആ വിഷു കൈ നീട്ടത്തെ കുറിച്ച് ആണ് . ഓരോ വര്‍ഷവും വിഷു തലേന്ന്, മീനവെയില്‍ ഏറ്റു ഉണങ്ങിയ ചപ്പിലകള്‍ കരിക്കുന്നതിന്റെ കൂടെ ആ ഓര്‍മയും കരിച്ചു കളയണം എന്നുണ്ട് പക്ഷെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ഓര്‍മയിലേക്ക് വരുന്ന ആ വിഷു കൈനീട്ടം അന്ന് എന്നെ ചെറുതായി കരയിച്ച്ചിടുണ്ട്; ഇപ്പോള്‍ ഒരു ചെറു ചിരിയാണ് വരുന്നത് . വര്‍ഷങ്ങള്‍ക് മുന്‍പ്
അച്ഛന്റെ രണ്ടാമത്തെ അനിയന്റെ, സുപ്രന്‍ ചിറ്റപ്പന്റെ കല്യാണം കഴിഞ്ഞിടുള്ള ആദ്യത്തെ വിഷു ..
കുറച്ചു ദിവസമായി അച്ഛന് സുഖമില്ല എന്ന് അറിയാവുന്നത് കൊണ്ട് , അമ്മ അടുക്കളയില്‍ ഇരുന്നു കരയുന്നത് എന്തിനാണ് എന്ന് ഞാന്‍ ചോദിച്ചില്ല. എന്നാലും അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു. ആ വിഷു ഞങ്ങള്ക് കണിയും , സദ്യയും ഇല്ലാത്ത ഒന്നാണ് എന്ന് അറിയാമായിരുന്നു. എന്നാലും ചുട്ടുവട്ടത്തൊക്കെ ഉയര്‍ന്നു തുടങ്ങിയ പടക്കത്തിന്റെ ശബ്ദം എന്നെ ചെറുതായി സങ്കടപെടുത്താന്‍ തുടങ്ങി .. എന്നാലും അച്ഛനോടും അമ്മയോടും ഒന്നും പറഞ്ഞില്ല .. പതുക്കെ തറവാട്ടിലേക്ക് നടന്നു...
അവിടെ എല്ലാവരും ഉണ്ടായിരുന്നു .. തൊടിയിലെ ആഞ്ഞിലിയുടെ ചോട്ടില്‍ ചപ്പിലകള്‍ അടിച്ചു കൂട്ടി , വിഷുക്കരിക്കലില്‍ ആയിരുന്നു അച്ച്ചമ്മ. .. കൂടെ അച്ഛന്റെ തൊട്ടിളയ അനിയന്റെ മോന്‍ ഹരിയും ഉണ്ട് .. ഞാനും അവരോടൊപ്പം കൂടി .. വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് മാത്രം ..!
തറവാട്ടില്‍ വാങ്ങി വെച്ചിട്ടുള്ള പടക്കവും, പൂത്തിരിയും മറ്റും കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചെറുതായി നിറഞ്ഞു തുടങ്ങി ... വീടിലെക് തിരിച്ചു പോകാന്‍ തുടങ്ങിയപ്പോഴാണ് , സര്‍പ്പകാവിനപുരം ഉള്ള ഇടവഴിയിലൂടെ ആരൊക്കെയോ നടന്നു വരുന്നത് കണ്ടത്. ..
സുപ്രന്‍ ചിറ്റപ്പന്റെ ഭാര്യ വീട്ടില്‍ നിന്നും , അച്ഛനും, അമ്മയും, അളിയനും ഒക്കെ ഉണ്ട് ..
പലപ്പോഴും ആള് കൂടുന്നിടത്തൊക്കെ വെച്ച് അച്ചാമ്മയും , ചിറ്റപ്പന്മാരും വഴക്ക് പറഞ്ഞിട്ടുള്ളത് കൊണ്ട് , ( അതിനു അവര്‍ പറയുന്ന കാരണങ്ങള്‍ ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല) എത്രയും പെട്ടെന്ന് അവിടെ നിന്ന് പോകാന്‍ തുടങ്ങിയതായിരുന്നു ഞാന്‍ .. പക്ഷെ , കിട്ടാന്‍ പോകുന്ന ഒരു വിഷു കൈനീട്ടം എന്നെ അവിടെ പിടിച്ചു നിര്‍ത്തി , പുതിയ വിഷു ആയതു കൊണ്ട് സുപ്രന്‍ ചിറ്റപ്പന്റെ അളിയന്‍, സുനി വിഷു കൈനീട്ടം തരും എന്ന് എനിക്ക് ഉറപ്പായിരുന്നു . ( പൊട്ടിക്കാന്‍ ഉള്ള പടക്കവും , പൂത്തിരിയും , പാവം ഈ മൂന്നാം ക്ലാസുകാരനെ പ്രലോഭിപ്പിച്ചു ..) .. മടിച്ചു മടിച്ചു ആണെങ്കിലും അവിടെ തന്നെ നിന്നു.. ഇടയ്ക്കു എപോഴോ അച്ച്ചമ്മ കൊണ്ട് വന്നു തന്ന ചായ കുടിച്ചു... ഇറങ്ങാന്‍ നേരം ആണ് ആണ് സുനി അമ്മാവന്‍ എന്റെയും ഹരിയുടെയും അടുത്തേക്ക് വന്നത് . .. ഹരിയുടെ കയ്യില്‍ ഒരു അഞ്ചു രൂപ നോട്ടു കൊടുത്തിട്ട് .. സുനി അമ്മാവന്‍ പതുക്കെ തിരിച്ചു നടന്നു.. നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചു കൊണ്ടാണ് വീട്ടിലേക്കു ചെന്നത്. കാര്യം പറഞ്ഞപ്പോള്‍ ഇത്ര വലിയ കുട്ടികള്‍ കരയുന്നോ എന്ന് ചോദിച്ചു അച്ഛനും അമ്മയും ഉറക്കെ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി ..
( അന്ന് അവര്‍ ഉള്ളില്‍ കരയുകയായിരുന്നു എന്ന് എനിക്ക് വര്‍ഷങ്ങള്‍ക് ശേഷം ആണ് മനസിലായത് )
പിറ്റേന്ന് കണി കാണാതെ വിഷു പുലര്‍ന്നപ്പോള്‍ അച്ഛന്‍ എന്റെ കയ്യില്‍ ഒരു അഞ്ചു രൂപ തന്നു.... വലിയ കുട്ടികള്‍ കരയരുത് എന്ന് അച്ഛനും അമ്മയും തലേന്ന് പറഞ്ഞിട്ട് കൂടി ഞാന്‍ അപ്പോള്‍ വിതുമ്പി കരഞ്ഞു.... !!